അത് കേന്ദ്ര സർക്കാരിന്റെ പിആർ കോമാളിത്തം, ഭരണം സത്യം മൂടിവയ്ക്കുന്നതിലേക്ക് ചുരുക്കിയിരിക്കുന്നുവെന്ന് മെഹ്ബൂബ മുഫ്തി

Sunday 26 September 2021 8:10 PM IST

ന്യൂഡൽ​ഹി: ശ്രീന​ഗറിലെ ദാൽ തടാകത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ എയർ ഷോയെ പി.ആർ കോമാളിത്തം എന്ന് പരിഹസിച്ച് പി.ഡി.പി അദ്ധ്യക്ഷ മെഹ്ബൂബ മുഫ്തി. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാ​ഗമായി ഞായറാഴ്ച നടന്ന എയർ ഷോയ്ക്കെതിരെയാണ് മുഫ്തി രംഗത്തെത്തിയത്. ജമ്മു കാശ്മീരിൽ ഇന്ത്യൻ സർക്കാ‌ർ സാധാരണ നിലയിലുള്ള കായികാഭ്യാസപ്രകടനങ്ങൾ തുടരുന്നതിൽ സന്തോഷമുണ്ടെന്നും അവർ ട്വിറ്റ് ചെയ്തു.

ജമ്മു കാശ്മീരിൽ ഇന്ത്യൻ സർക്കാർ അതിന്റെ സാധാരണ കായികാഭ്യാസപ്രകടനങ്ങൾ തുടരുന്നതിൽ സന്തോഷമുണ്ട്. 2019 മുതൽ ജമ്മു കാശ്മീർ സമ്പദ്‌വ്യവസ്ഥ തകരുകയും 40,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. സാധാരണ നില പ്രദർശിപ്പിക്കുന്നതിന് മന്ത്രിമാരുടെ സന്ദർശനവും ശ്രീനഗറിലെ എയർ ഷോ പോലുള്ള പി.ആർ കോമാളിത്തരങ്ങളും നടക്കുന്നതായും മുഫ്തി പറഞ്ഞു. ഭരണം പി.ആർ പ്രവർത്തനങ്ങളിലേക്കും സത്യം മൂടിവയ്ക്കുന്നതിലേക്കും ചുരുക്കിയിരിക്കുന്നു. യുവാക്കൾ ആത്മഹത്യ ചെയ്യുകയും തൊഴിലില്ലായ്മ നിരക്ക് 17.8 ശതമാനമായിരിക്കുകയും ചെയ്യുന്ന സമയത്ത് പ്രാദേശിക ഭരണകൂടം ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനുപകരം പി.ആർ, പ്രചാരണ യന്ത്രമായി മാറി. ജമ്മു കാശ്മീരിലെ ജനങ്ങളെപ്പറ്റി ഒരു ആശങ്കയുമില്ലെന്നും അവർ ആരോപിച്ചു.

തടങ്കലിൽ നിന്ന് മോചിതയായതു മുതൽ പി.ഡി.പി അദ്ധ്യക്ഷ ബി.ജെ.പി സർക്കാരിനെതിരെ സജീവമായി രംഗത്തുണ്ട്. താലിബാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വോട്ട് നേടാൻ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് നേരത്തെ അവർ പറഞ്ഞിരുന്നു. അവർക്ക് സർദാർ ഖാലിസ്ഥാനിയാണ്, നമ്മൾ പാകിസ്ഥാനികളാണ്, ബി.ജെ.പി മാത്രമാണ് ഹിന്ദുസ്ഥാനിയെന്നും മെഹ്ബൂബ അന്ന് പ്രതികരിച്ചു. കേന്ദ്ര സർക്കാർ പേര് മാറ്റുകമാത്രമാണ് ചെയ്യുന്നത്. അവർ സ്കൂളുകൾക്ക് രക്ഷസാക്ഷികളുടെ പേരിട്ടു. പേരു മാറ്റുന്നതിലൂടെ കുട്ടികൾക്ക് തൊഴിൽ ലഭിക്കില്ല. കേന്ദ്ര സർക്കാർ താലിബാനെക്കുറിച്ച് സംസാരിക്കുന്നു, അഫ്ഗാനെപ്പറി സംസാരിക്കുന്നു, പക്ഷേ കർഷകരെയോ തൊഴിലില്ലാത്തവരെയോ കുറിച്ച് സംസാരിക്കാൻ അവൾക്ക് മതിയായ സമയമില്ലെന്നും അവർ ആരോപിച്ചിരുന്നു.

Advertisement
Advertisement