13 കാരന്റെ മരണം: ആത്മഹത്യയെന്ന് നിഗമനം

Monday 27 September 2021 12:10 AM IST

നെടുങ്കണ്ടം: കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുങ്ങി 13 വയസുകാരൻ മരിച്ച സംഭവം ആത്മഹത്യ തന്നെയെന്ന് പൊലീസ് നിഗമനം. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയിൽ ബിജു ഫിലിപ്പ്- സൗമ്യ ദമ്പതികളുടെ മകൻ ജെറോൾഡാണ് (അപ്പു- 13) വെള്ളിയാഴ്ച മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. എന്നാൽ സംഭവസ്ഥലം പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ കയറിൽ കുരുക്കിട്ട് സ്വയം തൂങ്ങിയാതാവമെന്നാണ്. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്നാണ് പറയുന്നത്. ആത്മഹത്യ ചെയ്യാൻ കുട്ടിയെ പ്രേരിപ്പിച്ചതെന്താണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബിജു ഫിലിപ്പിന്റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടിലായിരുന്നു കഴിഞ്ഞ ഒരു മാസമായി ജെറോൾഡ് താമസിച്ചിരുന്നത്. ഇവിടെ തന്റെ അതേപ്രായത്തിലുള്ള കൂട്ടുകാരനുള്ളതിനാൽ ജെറോൾഡ് സന്തോഷവാനായിരുന്നു. സ്‌കൂൾ തുറന്നാൽ വീട്ടിലേക്ക് തിരിച്ചോ പോകേണ്ടി വരുമെന്ന ചിന്തയാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നത് കരുതുന്നു. പുറത്ത് നിന്ന് ആരെങ്കിലുമെത്തി കുട്ടിയെ അപായപ്പെടുത്താനുള്ള സാദ്ധ്യതയില്ല. വെള്ളിയാഴ്ച മൂന്നിന് ശേഷം വീടിന്റെ ടെറസിലായിരുന്നു സംഭവം. ജെറോൾഡിന്റെ കൂടെയുണ്ടായിരുന്ന കുട്ടികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്നു. ബിജുവിന്റെ സഹോദരി ബിന്ദു വീടിനുള്ളിലായിരുന്നു. കുട്ടികളുടെ ഓൺലൈൻ ക്ലാസ് കഴിഞ്ഞിട്ടും ജെറോൾഡിനെ കാണാതെ വന്നതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ടെറസിന് മുകളിൽ കയറിൽ തൂങ്ങിയ നിലയിൽ ജെറോൾഡിനെ കണ്ടത്. വീട്ടുകാർ അലറിക്കരഞ്ഞതോടെ പ്രദേശവാസികൾ ഓടിയെത്തി. സംഭവത്തിൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ബന്ധുക്കളിൽ വിശദമായി മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.