പ്രധാനമന്ത്രിയായ ശേഷം അമേരിക്കയിലേക്കുള്ള നരേന്ദ്ര മോദിയുടെ ഓരോ സന്ദർശനവും നമുക്കറിയാം, എന്നാൽ 1994 അമേരിക്കയിലെത്തിയ മോദിയെ അറിയുമോ ? 

Monday 27 September 2021 11:11 AM IST

ന്യൂഡൽഹി : മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനം വിജയകരമായി പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ പര്യടനം ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങൾ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. വൈറ്റ്ഹൗസിൽ അമേരിക്കൻ പ്രസിഡന്റുമായുള്ള മോദിയുടെ കൂടിക്കാഴ്ചയായിരുന്നു അമേരിക്കൻ സന്ദർശത്തിൽ പ്രധാനപ്പെട്ടത്. നരേന്ദ്ര മോദി ഓരോ തവണ അമേരിക്ക സന്ദർശിക്കുമ്പോഴും ചർച്ചയാവുന്നത് ഗോദ്ര കലാപത്തിന്റെ പേരിൽ വിലക്കേർപ്പെടുത്തണമെന്ന് അമേരിക്കൻ ജനപ്രതിനിധികൾ ആവശ്യപ്പെട്ട സംഭവമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ താക്കോൽ സ്ഥാനം ലഭിച്ചതോടെ പഴയ സംഭവങ്ങളൊക്കെ അമേരിക്കയ്ക്ക് മറക്കേണ്ടി വന്നു എന്നത് ചരിത്രം.

എന്നാൽ അമേരിക്കയുടെ മണ്ണിൽ നരേന്ദ്രമോദി ആദ്യം ഇറങ്ങുന്നത് ഇതിനൊക്കെ എത്രയോ മുൻപാണ്, ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നതിനും വർഷങ്ങൾക്ക് മുൻപ് മോദി അമേരിക്ക സന്ദർശിച്ചിരുന്നു. 1994ലായിരുന്നു മോദിയുടെ ഈ സന്ദർശനം അമേരിക്കൻ കൗൺസിൽ ഒഫ് യംഗ് പൊളിറ്റിക്കൽ ലീഡേഴ്സിന്റെ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു അത്. കിഷൻ റെഡ്ഡി ഗംഗപുരം എന്ന നേതാവാണ്, മോദിയുടെ ഈ സന്ദർശനത്തിന്റെ ഫോട്ടോ ഇപ്പോൾ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

​​​​​​1994ലെ അമേരിക്കൻ സന്ദർശനത്തിന് ശേഷം ഇരുപത് വർഷം കഴിഞ്ഞ് മോദി അമേരിക്കയിൽ കാലുകുത്തുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയായാണ്. 2014 ൽ അധികാരത്തിൽ വന്ന ശേഷം സെപ്തംബർ മാസത്തിലായിരുന്നു അത്. അമേരിക്കയുടെ ജനപ്രിയ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയ മോദി വിദേശരാജ്യങ്ങളിലെ സന്ദർശനങ്ങളിൽ പതിവായി നടത്തുന്ന ഇന്ത്യൻ വംശജരും, പ്രവാസികളായി അവിടെ എത്തിയവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മാഡിസൺ സ്‌ക്വയറിൽ വച്ചായിരുന്നു ഈ പരിപാടി. 2016ലും അമേരിക്കയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ഒബാമയുമായി കൂടിക്കാഴ്ച നടത്തി. ഈ ചർച്ചകളിലാണ് അമേരിക്കയും ഇന്ത്യയും തമ്മിൽ ഇപ്പോഴുള്ള ആഴമേറിയ ബന്ധം സ്ഥാപിതമായത്. 2016 ജൂൺ മാസത്തിൽ നടന്ന അമേരിക്കൻ സന്ദർശനത്തിൽ യുഎസ് കോൺഗ്രസിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനുള്ള അവസരവും നരേന്ദ്ര മോദിക്ക് ലഭിച്ചു.

​​​​​തൊട്ടടുത്ത വർഷം, 2017ലും മോദി വിദേശ രാജ്യങ്ങളുടെ സന്ദർശ പട്ടികയിൽ അമേരിക്കയെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അമേരിക്കയിൽ അന്ന് ഒബാമയ്ക്ക് പകരം ട്രംപായിരുന്നു പ്രസിഡന്റ്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ യുഎസ് സന്ദർശനത്തിൽ ട്രംപ് വൈറ്റ് ഹൗസിൽ ഡിന്നറൊരുക്കിയാണ് സ്വീകരിച്ചത്. ഇതിന് ശേഷം

2019ലും മോദി അമേരിക്കയിൽ എത്തി. 2019 സെപ്തംബറിലായിരുന്നു ഇത്. ന്യൂയോർക്കിൽ നടന്ന 74 ാമത് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിലും ടെക്സാസിലെ ഹൂസ്റ്റണിൽ നടന്ന പ്രശസ്തമായ 'ഹൗഡി മോദി' പരിപാടിയായിരുന്നു ഈ സന്ദർശനത്തിലെ മറ്റൊരു ആകർഷണം.

​​​​​കൊവിഡ് ലോകത്തെ ഗ്രസിച്ച നാളുകൾ വിദേശ പര്യടനത്തിന് ലോക നേതാക്കൾ അവധി നൽകുകയായിരുന്നു. വീണ്ടും ഒരു സെപ്തംബറിൽ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അമേരിക്കൻ പര്യടനം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. ഇക്കുറി അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്ന തരത്തിലുള്ള പ്രത്യേക വിമാനത്തിലാണ് മോദി സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള ആദ്യ കൂടിക്കാഴ്ചയും, ക്വാഡ് ഉച്ചകോടിയും, യു എന്നിലെ പ്രസംഗവും എല്ലാം ചേർന്ന് മോദിയുടെ ഈ സന്ദർശനവും വൻവിജയത്തിലാണ് അവസാനിച്ചത്.

​​​

Advertisement
Advertisement