ആമസോൺ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പുതിയ പതിപ്പെന്ന് ആ‌ർ എസ് എസ് മാസിക, ഓൺലൈൻ ഭീമന്മാർ‌ രാജ്യത്തിന്റെ സംസ്കാരത്തിന് തന്നെ ഭീഷണിയെന്നും ആരോപണം

Monday 27 September 2021 12:07 PM IST

ന്യൂഡൽഹി: ഓൺലൈൻ വ്യാപാര ഭീമന്മാരായ ആമസോണിനെതിരെ കടുത്ത ആരോപണങ്ങളുമായി ആർ എസ് എസ് മാസിക പാഞ്ചജന്യത്തിന്റെ പുതിയ പതിപ്പ്. ആമസോൺ സി ഇ ഒ ജെഫ് ബെസോസിന്റെ മുഖചിത്രവും ആമസോൺ ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്ന തലക്കെട്ടുമായി പുറത്തിറങ്ങുന്ന മാസികയിൽ ആമസോണിനെ ഇന്ത്യൻ സംസ്കാരത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനുമെതിരായ ഭീഷണിയായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ ഉദ്യോഗസ്ഥരെ ആമസോണിന്റെ നിയമവിദഗ്ദ്ധർ കൈകൂലി നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ആമസോണിന് 8500 കോടി രൂപ പിഴയടച്ച സ‌ർക്കാർ നടപടി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആമസോൺ ഉദ്യോഗസ്ഥർക്ക് കൈകൂലി വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. ഇതിനെതിരായ പ്രതികരണമായിട്ടാകണം പാഞ്ചജന്യത്തിന്രെ പുതിയ കവർ സ്റ്റോറിയെന്ന് കരുതുന്നു. പാഞ്ചജന്യത്തിന്റെ എഡിറ്റർ ഹിതേഷ് ശങ്കർ ഇന്ന് തന്റെ ട്വിറ്ററിൽ മാസികയുടെ കവർ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.

സോഫ്റ്റ് വെയർ രംഗത്തെ ഇന്ത്യയുടെ മുഖം എന്ന് വിശേഷിപ്പിക്കുന്ന ഇൻഫോസിസിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്ന കവർ സ്റ്റോറിയുമായാണ് പാഞ്ചജന്യത്തിന്റെ കഴിഞ്ഞ പതിപ്പ് പുറത്തുവന്നത്. ഇൻകം ടാക്സ് ഫയൽ ചെയ്യുന്നതിന് വേണ്ടി പുതുതായി രൂപം നൽകിയ സൈറ്റിലെ പ്രശ്നങ്ങളായിരുന്നു പാഞ്ചജന്യത്തെ ഇൻഫോസിസിനു നേരെ തിരിയാൻ പ്രേരിപ്പിച്ചത്.