അഫ്ഗാനിൽ നിന്നും ഒരുമാസം മുൻപ്  അമേരിക്ക ക്യാമ്പിലെത്തിച്ച മൂവായിരം സ്ത്രീകളിൽ 2000 പേരും ഗർഭിണികൾ, പത്ത് ദിവസത്തേയ്ക്ക് അഭയം കൊടുത്ത യൂറോപ്യൻ രാജ്യം ആശങ്കയിൽ

Monday 27 September 2021 2:40 PM IST

ബെർലിൻ : അഫ്ഗാനിസ്ഥാനിൽ നിന്നും യുദ്ധകാല അടിസ്ഥാനത്തിൽ അമേരിക്ക ഒഴിപ്പിച്ച അഫ്ഗാൻ പൗരൻമാരെ വിവിധ രാജ്യങ്ങളിലെ തങ്ങളുടെ താവളങ്ങളിലാണ് ആദ്യം എത്തിച്ചത്. യൂറോപ്പിൽ പതിനായിരം അഫ്ഗാൻ പൗരൻമാരെ ജർമ്മനിയിലെ റാംസ്റ്റീൻ എയർബേസിലാണ് എത്തിച്ചത്. പത്ത് ദിവസത്തിനകം ഇവരെ ഇവിടെ നിന്നും മാറ്റാം എന്ന ഉറപ്പിലാണ് അഭയാർത്ഥികളെ ജർമ്മനിയിൽ എത്തിച്ചത്. റാംസ്റ്റീൻ എയർബേസിലെ കിലോമീറ്ററുകൾ നീളമുള്ള റൺവേയിൽ താത്കാലിക കൂടാരങ്ങളിലാണ് അഭയാർത്ഥികളെ പാർപ്പിച്ചിരുന്നത്. അഭയാർത്ഥികളിൽ മൂവായിരത്തോളം പേർ സ്ത്രീകളായിരുന്നു. ഇവരിൽ ഗർഭിണികളും ഉണ്ടായിരുന്നു. ഇതുവരെ ഇരുപത്തിരണ്ടോളം പേർ ക്യാമ്പിൽ വച്ച് കുട്ടികൾ ജൻമം നൽകുകയും ചെയ്തു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ക്യാമ്പിലുള്ള മൂന്നിൽ രണ്ട് സ്ത്രീകളും ഗർഭിണികളാണെന്നാണ്, അതായത് രണ്ടായിരം ഗർഭിണികളെങ്കിലും ജർമ്മനിയിലെ റാംസ്റ്റീൻ എയർബേസിൽ ഇപ്പോഴുണ്ട്.

റാംസ്റ്റീൻ എയർബേസിനിലെ ആരോഗ്യപ്രവർത്തകർ മുൾമുനയിലാണ് ഇപ്പോൾ കഴിയുന്നത്. ഇത്രയും ഗർഭിണികൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ വേണ്ട സംവിധാനങ്ങൾ അവിടെ ഇല്ല എന്നതാണ് പ്രധാന കാരണം. രാത്രികാലങ്ങളിൽ കടുത്ത തണുപ്പും കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ടെന്റുകളിൽ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ ഹീറ്ററുകൾ ഉപയോഗിച്ച് ചൂടാക്കുകയാണ്. പുറത്ത് നിന്നും കൂടുതൽ മെഡിക്കൽ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനെ കുറിച്ചും അധികാരികൾ ചിന്തിക്കുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ യുഎസ് താവളങ്ങളിലൊന്നാണ് റാംസ്റ്റീൻ എയർബേസ്. ലോകത്തിന്റെ വിവിധ ഇടങ്ങളിലായി എട്ട് വിമാനത്താവളങ്ങളിലായി 53000 അഫ്ഗാൻ അഭയാർത്ഥികളാണ് കഴിയുന്നത്. അഭയാർത്ഥികളായി എത്തിയവരെ അമേരിക്കയിൽ പ്രവേശിപ്പിക്കുവാനാണ് തീരുമാനമെങ്കിലും, എത്തിയവരെ കൃത്യമായി പരിശോധിച്ച ശേഷം, അവരുടെ രേഖകൾ കൃത്യമാണെങ്കിൽ മാത്രമേ അമേരിക്കയിലേക്ക് കൊണ്ടുപോവുകയുള്ളു എന്നും റിപ്പോർട്ടുണ്ട്. അതിനാൽ തന്നെ ജർമ്മനിയിൽ അഫ്ഗാനികൾ ആഴ്ചളോളം ഇനിയും തങ്ങേണ്ടി വരും. ഇവർക്കിടയിൽ അഞ്ചാം പനി, കൊവിഡ് അടക്കമുള്ള പകർച്ചാവ്യാധികൾ കണ്ടെത്തിയതും അമേരിക്കയിലേക്കുള്ള യാത്ര നീണ്ടുപോകുവാൻ കാരണമായി.

Advertisement
Advertisement