മോൻസൺ തട്ടിപ്പുകാരനാണെന്ന് 2020ൽ ഇന്റലിജൻസ് റിപ്പോർട്ട്,​ ഇഡി അന്വേഷണവും ആവശ്യപ്പെട്ടു ,​ തുടരന്വേഷണം നടന്നില്ല

Monday 27 September 2021 7:30 PM IST

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകാരനാണെന്ന് 2020ൽ തന്നെ ഇന്റലിജൻസ് റിപ്പോർട്ട് അന്നത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നുവെന്ന് വിവരം. ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹറയും എഡിജിപി ആയിരുന്ന മനോജ് എബ്രഹാമും മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് രഹസ്യാന്വേഷണത്തിന് സ്‌പെഷ്യല്‍ ബ്രാഞ്ചിന് നിർദ്ദേശം നൽകിയത്.. ഈ അന്വേഷണ റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മോന്‍സണിന്റെ ഇടപാടുകളില്‍ വലിയ ദുരൂഹതയുണ്ടെന്നും ഉന്നതരുമായി ഉള്ള ബന്ധത്തെക്കിുറിച്ചും റിപ്പോർട്ടിൽ പറയുന്നു . പുരാവസ്തുക്കളാണ് ഇയാളുടെ പ്രധാന ബിസിനസ്. ഇതിന്റെ വില്പനയ്ക്കും കൈമാറ്റത്തിനും മറ്റും കൃത്യമായ ലൈസന്‍സ് ഉണ്ടോ എന്നത് സംശയമാണെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.വിദേശത്തടക്കം ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി എന്‍ഫോഴ്‌സമെന്റിനോട് അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. എന്നാൽ ഇതിൽ തുടർനടപടികൾ ഉണ്ടായോ എന്നതിൽ വ്യക്തതയില്ല. അന്വേഷണം നടക്കാത്തതിന് പിന്നിൽ മോൻസണിന്റെ ഇടപെടൽ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചും പുതിയ സാഹചര്യത്തിൽ സംശയമുയരുന്നു. .

Advertisement
Advertisement