അനധികൃത പണസമ്പാദനം പൊലീസുകാരെ ജയിലിലടക്കണം: ചീഫ് ജസ്റ്റിസ്

Tuesday 28 September 2021 12:00 AM IST

ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ ഭരണകക്ഷിയോട് കൂട്ടുചേർന്ന് അനധികൃതമായി പണം സമ്പാദിക്കുന്ന പൊലീസുകാരെ യാതൊരുതരത്തിലും സംരക്ഷിക്കാൻ പാടില്ലെന്നും ജയിലിലടയ്ക്കണമെന്നും ചീഫ് ജസ്റ്റസ് എൻ.വി. രമണ നിരീക്ഷിച്ചു.

ഛത്തീസ്ഗഢ് മുൻ ഡി.ജി.പി ഗുർജീന്ദർ പാൽ സിംഗിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് സംബന്ധിച്ചുള്ള ഹർജി പരിഗണിക്കവേയാണ്ചീഫ് ജസ്റ്റിസ് പൊലീസുകാരുടെ രാഷ്ട്രീയ പക്ഷം ചേരലിനെയും അനധികൃത ധനമ്പാദനത്തേയും വിമർശിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഗുർജീന്ദർ പാൽ സിംഗിന് സംരക്ഷണം നൽകാനാകില്ലെന്നും സർക്കാരിനൊപ്പം ചേർന്ന് ഇദ്ദേഹം അനധികൃത ധന സമ്പാദനം നടത്തിയെന്നും ബെഞ്ച് നിരീക്ഷിച്ചു. ഈ അലോസരപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കേണ്ടതാണ്. ഇത്തരം പൊലീസുകാർ ഭരണമാറ്റം വരുമ്പോൾ വേട്ടയാടപ്പെടുന്നതിന് കാരണം കാലം കണക്ക് ചോദിക്കുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി. ഇത്തവണ കൂടി സിംഗിന് മുൻകൂർജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഫാലി എസ്. നരിമാൻ ആവശ്യപ്പെട്ടപ്പോൾ സിംഗ് ജയിലിൽ പോകട്ടെയെന്ന് ബെഞ്ച് മറുപടിയേകി. പിന്നീട് ജാമ്യം അനുവദിച്ചു.

സമാനമായ രണ്ട് കേസിൽ സിംഗ് നിലവിൽ ജാമ്യത്തിലാണ്.

അടുത്ത മാസം 1ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാസം 26ന് കേസ് പരിഗണിച്ചപ്പോൾ 'ഭരണപ്പാർട്ടിയുടെ പ്രീതി പിടിച്ച് പറ്റാൻ പ്രതിപക്ഷ കക്ഷികളെ നിയമം ദുരുപയോഗം ചെയ്ത് ഉപദ്രവിക്കുന്ന പൊലീസ് നടപടിയെ" കോടതി വിമർശിച്ചിരുന്നു.

1994 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഗുർജീന്ദർ പാൽ സിംഗ്. താൻ ബി.ജെ.പി അനുഭാവിയാണെന്ന് കണ്ട് ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാർ പകപോക്കുന്നുവെന്നാണ് ഗുർജീന്ദറിന്റെ ആരോപണം.

അഴിമതി നിരോധന നിയമം ഉൾപ്പടെയുള്ള രാജ്യദ്രോഹക്കുറ്റം കുറ്റം ചുമത്തിയാണ് ആന്റി കറപ്ഷൻ ബ്യൂറോയും ഇക്കണോമിക്സ് ഒഫൻസ് വിംഗും ഗുർജീന്ദറിനെതിരെ കേസെടുത്തിരിക്കുന്നത്.

ഛത്തീസ്ഗഢ് ഹൈക്കോടതി ഇദ്ദേഹത്തിന്റെ ഹർജി നേരത്തെ തള്ളിയിരുന്നു.

ഛത്തീസ്ഗഢ് സർക്കാരിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ‌്ത്തഗിയാണ് ഹാജരായത്.