ഒറ്റക്ളിക്കിൽ തെളിയും പ്രതിയുടെ ചരിത്രം!

Tuesday 28 September 2021 12:00 AM IST

# ഡാറ്റാബേസുമായി എക്സൈസ് വകുപ്പ്

ആലപ്പുഴ: പ്രതികളുടെ വിവരങ്ങൾ തേടി പൊടിയടിച്ച ഫയലുകൾ ഇനി മറിക്കേണ്ട, എക്സൈസ് വകുപ്പും സ്മാർട്ടാകുന്നു. പ്രതിയുടെ ചിത്രം, ഉൾപ്പെട്ട കേസുകൾ തുടങ്ങിയവ വിവരങ്ങൾ അടങ്ങിയ ഡേറ്റാബേസാണ് സോഫ്ട്‌വെയറിന്റെ സഹായത്തോടെ എക്സൈസ് തയ്യാറാക്കുന്നത്.

ഉദ്യോഗസ്ഥന്റെ കമ്പ്യൂട്ടറിൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ അന്വേഷണവും വേഗത്തിലാകും. കൂടാതെ എൻ.ഡി.പി.എസ്, അബ്കാരി കേസുകൾ വേർതിരിച്ചറിയാനും സംവിധാനമുണ്ട്. എക്‌സൈസ് ക്രൈംസ് അണ്ടർ റിഗറസ് ബീറ്റ് (ഇ.സി.യു.ആർ.ബി) എന്ന സോഫ്ട്‌വെയറാണ് ഇതിനായി ഉപയോഗിക്കുന്നത്.

പൂർണസജ്ജമായിട്ടില്ലെങ്കിലും പഴയ കേസ് ഫയലുകൾ സോഫ്ട്‌വെയറിൽ ഉൾപ്പെടുത്തിവരികയാണ്. ഇനി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ പ്രതികളുടെ പേര്, മേൽവിലാസം, വിവിധ വശങ്ങളിൽ നിന്നെടുത്ത പ്രതിയുടെ ഫോട്ടോ, വിരലടയാളം, കേസിന്റെ കുറിപ്പ് അടക്കമുള്ളവയാണ് പ്രത്യേകം ഡാറ്റാ ബേസിലേക്ക് മാറ്റുന്നത്.

കഞ്ചാവ്, മദ്യം, മെത്താഫിറ്റമിൻ (എം.ഡി.എം.എ) തുടങ്ങിയ ലഹരിക്കടത്ത് സംസ്ഥാനത്ത് കൂടിയ സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ് പുതിയ സംവിധാനം ഒരുക്കിയത്. നേരത്തെ പിടിക്കപ്പെടുന്നവരിൽ നിന്നെടുക്കുന്ന മൊഴിയെ ആശ്രയിച്ചാണ് മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചിരുന്നത്. ഇതുമൂലം എക്‌സൈസിലും മറ്റ് ഏജൻസികളിലും പ്രതികളുടെ വിവരം കൈമാറാൻ ഏറെ സമയമെടുത്തിരുന്നു. ഡേറ്റാബേസ് വന്നതോടെ ഇത്തരം പ്രശ്നങ്ങൾക്കാണ് പരിഹാരമാകുന്നത്.

''

മുൻകാലങ്ങളിൽ അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും മറ്റും ഡേറ്റാബേസിൽ ഉൾപ്പെടുത്തുന്ന ജോലികൾ പുരോഗമിക്കുന്നു. കേസ് അന്വേഷണം വേഗത്തിലാക്കാൻ ഡേറ്റാബേസ് സഹായിക്കും.

എക്സൈസ് വകുപ്പ്

Advertisement
Advertisement