മഹാത്മജിയും മാധവവിജയവും

Tuesday 28 September 2021 12:00 AM IST

ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും ഈഴവർക്കും പൂർണമായ അവകാശമുണ്ടെന്നും ഈഴവരുടെയും മറ്റും അവകാശം സംബന്ധിച്ച കാര്യങ്ങളിൽ സ്ഥലം കോൺഗ്രസ് കമ്മറ്റിക്കാർ സഹായിക്കേണ്ടത് അവരുടെ ധർമ്മമാണെന്നും ദേശാഭിമാനി ടി.കെ. മാധവന് മഹാത്മാഗാന്ധി സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിട്ട് ഒരു നൂറ്റാണ്ട് പൂർത്തിയായി.1921സെപ്തംബർ 23ന് തിരുനെൽവേലിയിൽ ചെന്നാണ് മഹാത്മജിയെ അദ്ദേഹം കാണുന്നത്. സ്വാതന്ത്ര്യസമരത്തിൽ സാമൂഹ്യനവോത്ഥാനത്തിന്റെ വഴിത്താര തുറന്ന വൈക്കം സത്യാഗ്രഹത്തിന് കനലായി മാറിയത് ദേശാഭിമാനി ടി.കെ. മാധവൻ എന്ന വിപ്‌ളവ നായകന്റെ ദീർഘവീക്ഷണവും അസാമാന്യ നേതൃപാടവവുമാണെന്ന് തെളിയിച്ച കൂടിക്കാഴ്‌ചയായിരുന്നു അത്.

ഈഴവരുടെയും മറ്റും അവകാശം സംബന്ധിച്ച കാര്യങ്ങളിൽ അവരെ സഹായിക്കേണ്ടത് കോൺഗ്രസുകാരുടെ ധർമ്മമാണെന്ന് മഹാത്മാഗാന്ധി ശക്തമായ ഭാഷയിൽ ചൂണ്ടിക്കാട്ടിയിട്ട് നൂറുവർഷം കഴിഞ്ഞിട്ടും കേരളത്തിലെ സാമൂഹ്യവ്യവസ്ഥയിലോ രാഷ്ട്രീയകക്ഷികളുടെ മനോഭാവത്തിലോ എന്തെങ്കിലും മാറ്റമുണ്ടായോ എന്ന് ചിന്തിക്കേണ്ട സമയം കൂടിയാണിത്. കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങൾ പിന്നാക്ക വിഭാഗങ്ങളോട് തുടരുന്ന തെറ്റായ സമീപനം ഇനിയൊരു നൂറ് വർഷം കഴിഞ്ഞാലും തിരുത്തപ്പെടുമെന്ന് ഒരു ഉറപ്പുമില്ല.

ക്ഷേത്രപ്രവേശനത്തിന് വഴി തുറക്കുന്നു

മഹാത്മാഗാന്ധിയെ നേരിട്ട് കാണാൻ പ്രേരണയായത് കൊല്ലത്ത് നടന്ന കോൺഗ്രസ് കമ്മറ്റി യോഗത്തിൽ അദ്ധ്യക്ഷൻ സി. ശങ്കരമേനോൻ ക്ഷേത്രപ്രവേശന വിഷയത്തിൽ നടത്തിയ അനുകൂലമല്ലാത്ത അഭിപ്രായപ്രകടനമായിരുന്നു. നയസംബന്ധമായ കാരണങ്ങളാൽ ക്ഷേത്രപ്രവേശനം നിറുത്തിവെച്ച് പൊതുകിണറുകളിൽ നിന്ന് വെള്ളം എടുക്കാനുള്ള അനുവാദത്തിന് വേണ്ടി പ്രക്ഷോഭം നടത്തണമെന്നും മഹാത്മജി പറഞ്ഞപ്പോൾ പ്രഗത്ഭനായ അഭിഭാഷകനെ പോലെ അദ്ദേഹം വാദങ്ങൾ നിരത്തുകയായിരുന്നു. ഗവൺമെന്റ് അധീനതയിലുള്ള ക്ഷേത്രങ്ങൾ പൊതുമുതൽ കൊണ്ടാണ് സംരക്ഷിക്കപ്പെടുന്നതെന്നും അത് അങ്ങനെ തന്നെ തുടരണമെന്നും റവന്യൂ - ദേവസ്വം വിഭജനത്തെപ്പറ്റി അന്വേഷിച്ച ഉദ്യോഗസ്ഥരുടെ കമ്മിറ്റി അഭിപ്രായപ്പെട്ട കാര്യവും അദ്ദേഹം അറിയിച്ചു.

ടി.കെ മാധവനിൽ നിന്ന് കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയ മഹാത്മജി ക്ഷേത്രപ്രവേശനത്തിന് സമരംനടത്താൻ അനുമതി നൽകുകയായിരുന്നു.

പൂർണമായി ആത്മനിയന്ത്രണത്തോടെ പ്രവർത്തിക്കാമെന്ന് ധൈര്യമുണ്ടെങ്കിൽ നിങ്ങൾ ക്ഷേത്രത്തിൽ പ്രവേശിക്കണമെന്നും കോടതികൾ വിരോധമായി നിൽക്കുന്നെങ്കിൽ ജയിലിൽ പോകാൻ തയ്യാറാകണമെന്നും മഹാത്മജി നിർദേശിച്ചു. ഹിന്ദുമതം ക്ഷേത്രപ്രവേശനത്തെ തടയുന്നുവെന്ന് പറയുന്നത് അബദ്ധമാണെന്ന് മഹാത്മജി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. ക്ഷേത്രപ്രവേശനം കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനപരിപാടിയിൽ പ്രായോഗിക ഇനമായി ചേർക്കണമെന്ന് സ്വന്തം കൈയ്യക്ഷരത്തിൽ മഹാത്മജി എഴുതിക്കൊടുത്തതോടെ ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിന് വഴി തുറക്കുന്ന മാധവ വിജയമായി ആ കത്ത് മാറി. മഹാത്മജി കേരളത്തിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദർശിച്ചത് ടി.കെ മാധവനുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടർന്നാണ്. ഗുരുദേവനെ സന്ദർശിച്ചതിന് ശേഷം മഹാത്മജി കോൺഗ്രസിന്റെ നയപരിപാടികളിൽ കാതലായ മാറ്റം വരുത്തിയിരുന്നു.

കോൺഗ്രസിന്റെ നയംമാറ്റം

മഹാത്മജിയുമായുള്ള ഈ അഭിമുഖം അത്ഭുതകരമായ ഫലം നൽകിയെന്ന് ടി.കെ. മാധവൻ രേഖപ്പെടുത്തിയിട്ടുണ്ട്. സവർണ ഹിന്ദുക്കളുടെ അഭിപ്രായത്തെ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായി മാറ്റുന്നതിന് ആ സംഭാഷണം സഹായകമായി. തിരുവിതാംകൂറിലെ പത്രങ്ങളെല്ലാം തന്നെ തിരുനെൽവേലിയിൽ വച്ചു നടന്ന സംഭാഷണത്തിന്റെ റിപ്പോർട്ടും മഹാത്മജി കൈമാറിയ സന്ദേശത്തിന്റെ പകർപ്പും പ്രസിദ്ധപ്പെടുത്തി. അനുകൂലമായ മുഖപ്രസംഗങ്ങളും എഴുതി. ഹിന്ദുമഹാജനസഭ മുൻനിലപാടു മാറ്റി ക്ഷേത്രപ്രവേശന വാദത്തെ അനുകൂലിച്ച് ചില തീരുമാനങ്ങൾ എടുത്തു. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭത്തിന്റെ നായകനെ ബോധപൂർവം വിസ്മരിക്കാൻ ചിലചരിത്രകാരന്മാരെങ്കിലും ശ്രമിക്കുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാൽ ആ ശ്രമങ്ങൾക്കൊന്നും ഈമാധവ വിജയത്തിന്റെ മാറ്റ് കുറയ്ക്കാനാവില്ല.

കോൺഗ്രസിന്റെ നേട്ടം

ക്ഷേത്രപ്രവേശനം പ്രവർത്തന പരിപാടിയിൽ ഉൾപ്പെടുത്താൻ മടിച്ചു നിന്ന കോൺഗ്രസിനെ നവോത്ഥാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരികയായിരുന്നു ദേശാഭിമാനി ടി.കെ. മാധവൻ. വൈക്കം സത്യാഗ്രഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വലിയനേട്ടമുണ്ടാക്കി. അവർണജനത കോൺഗ്രസുമായി സഹകരിച്ച് തുടങ്ങിയത് അതിന് ശേഷമാണ്. കോൺഗ്രസ് ഒരു ബഹുജന പ്രസ്ഥാനമായി മാറുകയും ചെയ്തു. സാമൂഹ്യനീതിയുടെ കാര്യത്തിൽ മഹാത്മജി കാണിച്ചു തന്ന പാതയിലൂടെയാണോ ഇന്ന് കോൺഗ്രസ് സഞ്ചരിക്കുന്നതെന്ന് അതിന്റെ നേതാക്കൾ വിലയിരുത്തട്ടെ.

വർത്തമാനകാല യാഥാർത്ഥ്യം

വിദ്യാഭ്യാസ, വ്യവസായ, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലൊക്കെ പിന്നാക്കക്കാർ പിന്തള്ളപ്പെടുമ്പോൾ അവരെ സഹായിക്കേണ്ടത് കോൺഗ്രസുകാരുടെ ധർമ്മമാണെന്ന് പറഞ്ഞ മഹാത്മജിയെ അവർ എന്നേ മറന്നിരിക്കുന്നു. കഴിഞ്ഞ നിയമസഭയിൽ ഈഴവരായ കോൺഗ്രസ് അംഗങ്ങൾ വിരലിൽ എണ്ണാവുന്നവരായി ചുരുങ്ങിയിട്ടും കോൺഗ്രസ് നേതൃത്വത്തിന് കുലുക്കമുണ്ടായില്ല. വോട്ട്ബാങ്ക് രാഷ്ട്രീയം പയറ്റുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാലെ പരക്കം പായുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രിീ യകക്ഷികൾ പിന്നാക്ക വിഭാഗങ്ങളുടെ അവശത കണ്ണുതുറന്നു കാണാൻ ഇന്നും തയ്യാറായിട്ടില്ല.

വൈക്കം സത്യഗ്രഹത്തിലൂടെയും മറ്റും ദേശാഭിമാനി ടി.കെ. മാധവൻ പോരാടി നേടിയ ക്ഷേത്രപ്രവേശനവും ആരാധനാ സ്വാതന്ത്ര്യവും ഒരു നൂറ്റാണ്ടിന് ശേഷം എവിടെ എത്തി നിൽക്കുന്നുവെന്നും ചിന്തിക്കേണ്ടതുണ്ട്. ശബരിമലയുടെ ശ്രീകോവിൽ ഈഴവർക്ക് മുന്നിൽ ഇന്നും അടഞ്ഞുകിടക്കുന്നു. മുഖ്യരാഷ്ട്രീയ പ്രസ്ഥാനങ്ങൾ എല്ലാം തന്നെ കേരളത്തെ നൂറ്റാണ്ടു പിന്നോട്ടു വലിക്കുന്ന ഈ വിവേചനത്തിനെതിരെ സംസാരിക്കാൻ പോലും തയ്യാറാകാതെ നിസംഗത പുലർത്തുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ കൊല്ലം ചുറ്റുമല ക്ഷേത്രത്തിൽ ഈഴവനായ കീഴ്ശാന്തിക്കാരനും ജീവനക്കാർക്കും ജാതിയുടെ പേരിൽ ആക്ഷേപം നേരിടേണ്ടി വന്നത് കഴിഞ്ഞ ദിവസമാണ്. ഈഴവനായ കീഴ്ശാന്തിയിൽ നിന്ന് പ്രസാദം വാങ്ങാൻ പോലും ഒരുകൂട്ടം ഭക്തർ തയ്യാറാകുന്നില്ല. എവിടേക്കാണ് നമ്മുടെ നാട് പോകുന്നതെന്ന് ഭരിക്കുന്നവരും നേതാക്കളും ഗൗരവമായി ചിന്തിക്കണം. അയിത്തത്തിനും ജാതിവിവേചനത്തിനുമെതിരെ ശബ്ദിക്കാനും പോരാടാനും വിപ്ലവവീര്യമുള്ള മഹാത്മാക്കൾ എക്കാലവും അവതരിക്കണമെന്നില്ല.

Advertisement
Advertisement