അഫ്ഗാൻ മന്ത്രാലയങ്ങളുടെ ബ്ലൂ ടിക്ക് പിൻവലിച്ച് ട്വിറ്റർ

Tuesday 28 September 2021 1:39 AM IST

കാബൂൾ: അഫ്ഗാനിൽ താലിബാൻ ഇടക്കാല സർക്കാർ രൂപീകരിച്ചതിന് പിന്നാലെ വിവിധ മന്ത്രാലയങ്ങളുടെ വെരിഫിക്കേഷൻ ബ്ലൂ ടിക്ക് പിൻവലിച്ച് ട്വിറ്റർ. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം സർക്കാർ മന്ത്രാലയങ്ങളിൽ നിന്നുള്ള ട്വിറ്റർ അക്കൗണ്ടുകൾ സജീവമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ട്വിറ്ററിന്റെ നടപടി.വിദേശകാര്യം, പ്രതിരോധം, പ്രസിഡൻഷ്യൽ പാലസ് തുടങ്ങിയ മന്ത്രാലയങ്ങൾക്ക് ലഭിച്ചിരുന്ന ബ്ലൂടിക്കാണ് ട്വിറ്റർ എടുത്തുമാറ്റിയത്. അതേ സമയം അഷ്റഫ് ഗാനി, ഹമീദ് കർസായി, അബ്ദുള്ള അബ്ദുള്ള എന്നിവരുടെ വെരിഫൈഡ് ബാഡ്ജുകൾ നീക്കം ചെയ്തിട്ടില്ല. അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ പേജിലെ ബ്ലൂടിക് ട്വിറ്റർ പിൻവലിച്ചെങ്കിലും സർക്കാരിലെ രണ്ടാം വൈസ് പ്രസിഡന്റായിരുന്ന സർവർ ഡാനിഷിന്റെ ബ്ലൂ ടിക്ക് നിലനിറുത്തിയിട്ടുണ്ട്.