ബാർബർ ഷോപ്പുകളിൽ താടി വടിക്കാൻ പാടില്ല : താലിബാൻ

Tuesday 28 September 2021 1:42 AM IST

കാബൂൾ: അഫ്ഗാനിൽ ഇസ്ലാമിക നിയമം കർശനമാക്കുന്നതിന്റെ ഭാഗമായി ബാർബർ ഷോപ്പുകൾക്ക് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് താലിബാൻ. ബാർബർഷോപ്പുകളിൽ താടി വടിക്കുന്നത് നിരോധിച്ചെന്നും ഇനി മുതൽ രാജ്യത്തെ പുരുഷന്മാരാരും താടിവടിക്കരുതെന്ന് ഫത്‌വ പുറപ്പെടുവിച്ചു. ഹെൽമന്ദ് പ്രവിശ്യയിലാണ് ആദ്യ പ്രഖ്യാപനം വന്നിരിക്കുന്നത്.

ഇന്നു മുതൽ ബാർബർഷോപ്പുകളിൽ എത്തുന്നവരുടെ താടിവടിയ്ക്കാൻ അനുവാദമില്ലന്നും ഒരു സ്ഥാപനങ്ങളിലും ഇനി മുതൽ പാട്ടുകേൾക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പാടില്ല. ജോലിക്കിടെ മൂളിപ്പാട്ട് പാടുന്നതും കുറ്റകരമാണ്. ഹെൽമന്ദ് പ്രവിശ്യയിലാണ് പ്രസിദ്ധപ്പെടുത്തിയ പുതിയ നിയമാവലിയുടെ ഉള്ളടക്കം ഇതാണ്. താലിബാൻ മന്ത്രിസഭയിലെ ഇസ്ലാമിക് ഓറിയന്റേഷൻ ആന്റ് റപ്രസന്റേറ്റീവ്സ് ഓഫ് മെൻ എന്ന വകുപ്പാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

താലിബാൻ ഭരണത്തിൽ കീഴിലായ ശേഷം സ്ത്രീകളുടെ എല്ലാ സ്വാതന്ത്ര്യവും തുടക്കത്തിലേ തന്നെ എടുത്തുകളഞ്ഞിരുന്നു. ശരിയത്ത് നിയമമെന്ന പേരിൽ ദിനംപ്രതി പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തുന്നത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇത് കൂടാതെ രാജ്യത്ത് സ്ത്രീകൾ തുടങ്ങിയ സ്ഥാപനങ്ങളോരോന്നും താലിബാൻ ഭീകരർ അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങൾ,​ ബ്യൂട്ടി പാർലറുകൾ,​ ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങിയവ അടച്ചു പൂട്ടിച്ചു. ഇതോടെ നിരവധി സ്ത്രീകളുടെ ജീവിതം പ്രതിസന്ധിയിലായി. പല സ്ഥാപനങ്ങളിലും സ്ത്രീകളെ ജോലികളിൽ നിന്ന് പിരിച്ച് വിടാൻ ഉടമസ്ഥരെ താലിബാൻ പ്രേരിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Advertisement
Advertisement