പാകിസ്ഥാനിൽ ജിന്നയുടെ പ്രതിമ സ്ഫോടനത്തിൽ തകർത്തു

Tuesday 28 September 2021 2:00 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയുടെ പ്രതിമ ബോംബാക്രമണത്തിൽ തകർത്തു. ബലൂചിസ്ഥാനിലെ ഗ്വാദർ മറൈൻ ഡ്രൈവിൽ സ്ഥാപിച്ചിരുന്ന പ്രതിമയ്ക്ക് നേരെ ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണമുണ്ടായത്. സ്ഫോടനത്തിൽ പ്രതിമ പൂർണമായും തകർന്നു. നിരോധിത സംഘടനയായ ബലൂച് റിപ്പബ്ലിക്കൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഈ വർഷമാദ്യമാണ് മറൈൻ ഡ്രൈവിൽ ജിന്നയുടെ പ്രതിമ സ്ഥാപിച്ചത്. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ടൂറിസ്റ്റുകളെന്ന വ്യാജേനയെത്തി തീവ്രവാദികളാണ് അക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഉത്തരവാദികളായവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ബലൂച് സെനറ്റർ സർഫ്രാസ് ബുഗ്തി ആവശ്യപ്പെട്ടു. പൊലീസ് പ്രദേശവാസികളെ ഒഴിപ്പിച്ച ശേഷം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻപും ജിന്നയുടെ സ്മാരകങ്ങൾക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. ജിന്നയുടെ അവസാനകാലത്ത് താമസിച്ചിരുന്ന 121 വർഷം പഴക്കമുള്ള വീടും ബലൂച് ബലൂച് റിപ്പബ്ലിക്കൻ ആർമി നശിപ്പിച്ചിരുന്നു. അന്ന് കെട്ടിടത്തിൽ ഉയർത്തിയിരുന്ന പാകിസ്ഥാൻ പതാക അഴിച്ചു മാറ്റി ബലൂച് സ്വതന്ത്ര പതാക ഉയർത്തിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ബ്രിട്ടീഷുകാരുടെ ഏജന്റായിരുന്നു ജിന്നയെന്നാണ് ബലൂച് റിപ്പബ്ലിക്കൻ ആർമിയുടെ വാദം.

Advertisement
Advertisement