23ാം പിറന്നാൾ ആഘോഷിച്ച് ഗൂഗിൾ
വാഷിംഗ്ടൺ :ഗൂഗിൾ സെർച്ച് എഞ്ചിന് പിറവിയെടുത്തിട്ട് ഇന്നലെ 23 വർഷം തികഞ്ഞു. കേക്കിന് മുകളിൽ 23 എന്ന് എഴുതിയ രൂപത്തിലുള്ള ഡൂഡിലുമായാണ് ഗൂഗിൾ പിറന്നാളാഘോഷിച്ചത്. ഗൂഗിൾ ഫൗണ്ടേഷൻ ആദ്യമായി ആരംഭിച്ചത് 1997 ലാണെങ്കിലും ഔദ്യോഗികമായി കമ്പനി രൂപത്തിൽ പ്രവർത്തനമാരംഭിച്ചത് 1998 സെപ്റ്റംബർ 27നാണ്. അന്ന് വിദ്യാർത്ഥികളായിരുന്ന ലാറി പേജും സെർജി ബ്രിന്നും ചേർന്നാണ് ഗൂഗിളിന് രൂപം നൽകിയത്. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാല കാമ്പസിൽ ഉപയോഗിക്കുന്നതിനായി ആരംഭിച്ച സെർച്ച് എഞ്ചിൻ പിന്നീട് ലോകത്തിന്റെ മുഴുവൻ സെർച്ച് എഞ്ചിനായി മാറുകയായിരുന്നു. 2015ൽ സുന്ദർ പിച്ചെ സി.ഇ.ഒ ആയി സ്ഥാനമേൽക്കുന്നതുവരെ ഗൂഗിളിന്റെ സി.ഇ.ഒ ലാറി പേജ് ആയിരുന്നു.
2000ൽ സെർച്ച് കീ വേർഡിനനുസരിച്ച് ഗൂഗിളിൽ പരസ്യങ്ങൾ നൽകാൻ തുടങ്ങിയതോടെ ഗൂഗിളിന്റെ വരുമാനവും കുതിച്ചുയർന്നു. ഇപ്പോൾ 23 വർഷങ്ങൾക്കിപ്പുറം ലോകമെമ്പാടുമുള്ള 150 ലധികം ഭാഷകളിൽ ദിവസവും കോടിക്കണക്കിനാളുകൾ വിവര ശേഖരണത്തിനായി ഗൂഗിളിനെ ആശ്രയിക്കുന്നു.