കിഴക്കേകോട്ടയിൽ വീണ്ടും ഫുട് ഓവർബ്രിഡ്ജിന് പദ്ധതി
തിരുവനന്തപുരം: കിഴക്കേകോട്ടയിൽ വീണ്ടുമൊരു ഫുട് ഓവർബ്രിഡ്‌ജ് കൂടി നിർമ്മിക്കാനുള്ള റിപ്പോർട്ട് നഗരസഭയ്‌ക്ക് സമർപ്പിച്ചു. നിലവിൽ കെ.എസ്.ആർ.ടി.സി പെട്രോൾ പമ്പിനും വിഴിഞ്ഞം കോവളം ബസ് സ്റ്റോപ്പിനും മദ്ധ്യേ പമ്പ് മുതൽ ഗാന്ധിപ്പാർക്ക് വരെയുള്ള ഘടനയിൽ നിർമ്മിക്കാനാണ് പദ്ധതി. കിഴക്കേകോട്ടയിലെ ഫുട് ഓവർബ്രിഡ്ജ് നിർമ്മിക്കുന്ന ആക്‌സോ എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് പുതിയ പദ്ധതി മുന്നോട്ടുവച്ചത്. പദ്ധതിയെക്കുറിച്ച് നഗരസഭ വിശദമായി ചർച്ച ചെയ്‌തശേഷം തുടർ തീരുമാനമെടുക്കും.
ആദ്യം കിഴക്കേകോട്ടയിലെ ബസ്റ്റ് സ്റ്റോപ്പിന് സമീപമായിരുന്നു ഫുട് ഓവർബ്രിഡ്ജ് നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോട്ടയും ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും പാലം മറവായി വരുമെന്ന് പുരാവസ്‌തു വകുപ്പ് ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാലം അപ്പുറത്തേക്ക് മാറ്റി സ്ഥാപിച്ചത്. ഇതിനെല്ലാം പരിഹാരമായി സബ്‌വേ നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
നിലവിലെ ഫുട് ഓവർബ്രിഡ്ജ്
- നിലവിലെ ബ്രിഡ്ജ് ഗാന്ധിപ്പാർക്കിൽ നിന്നു തുടങ്ങി ആറ്റുകാൽ ബസ് സ്റ്റോപ്പിലേക്കും ആറ്റുകാൽ ബസ് സ്റ്റോപ്പിൽ നിന്ന് കോവളം ബസ് സ്റ്റോപ്പ് ഭാഗത്തേക്കും അവിടെ നിന്ന് റോഡ് മുറിച്ചുകടന്ന് കോട്ടമതിലിനു സമീപവും ഇറങ്ങാം
- നിലിൽ ബ്രിഡ്‌ജിന്റെ 70 ശതമാനം ജോലികൾ പൂർത്തിയായി
- ലിഫ്റ്റുകളുടെ നിർമ്മാണമാണ് നിലവിൽ നടക്കുന്നത്
- 4 കോടി രൂപയ്ക്ക് 102 മീറ്റർ നീളമുള്ള പാലം
- നവംബർ അവസാനത്തോടെ പദ്ധതി പൂർത്തിയാകും
ആശങ്കകൾ
- തിരക്കുള്ള സ്ഥലത്ത് നിന്ന് മാറ്റി സ്ഥാപിച്ചത്
- കിഴക്കേകോട്ട ബസ് സ്റ്റോപ്പിലെത്തുന്നവർക്ക് ദീർഘദൂരം നടന്നുവേണം പാലം കയറാൻ
- പലരും പാലം കയറാതെ റോഡ് മുറിച്ചുകടക്കും
- വയസായ ആളുകൾക്ക് പാലം കയറാനുള്ള ബുദ്ധിമുട്ട്