കൊവാക്സിന് ഡബ്ല്യു.എച്ച്.ഒ യുടെ അംഗീകാരം വൈകും

Tuesday 28 September 2021 11:54 PM IST

ജനീവ : ഇന്ത്യയുടെ കൊവിഡ് വാക്സിനായ കൊവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി വീണ്ടും വൈകിയേക്കുമെന്ന് സൂചന. കൊവാക്സിന്റെ നിർമാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ല്യു.എച്ച്.ഒ വാക്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക വിഷയങ്ങളിലാണ് ലോകാരോഗ്യ സംഘടന കൂടുതൽ വിവരങ്ങൾ തേടിയത്. ക്ലിനിക്കൽ ട്രയലിന്റെ ഡേറ്റ ഭാരത് ബയോടെക് മുഴുവനായി സമർപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഡേറ്റയാണ് സമർപ്പിക്കാത്തത്. അനുമതി വൈകുന്നത് വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും. അംഗീകാരം ലഭിക്കുന്നതിനാവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഭാരത് ബയോടെകിന്റെ വാദം. ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്സിനുകളിൽ കൊവിഷീൽഡിന് മാത്രമാണ് നിലവിൽ ഡബ്ല്യു.എച്ച്.ഒ യുടെ അംഗീകാരം ലഭിച്ചിട്ടുള്ളത്. നിലവിൽ കൊവാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ട്. ഇന്ത്യയെ കൂടാതെ നിലവിൽ എട്ട് രാജ്യങ്ങൾ കൊവാക്സിന് അനുമതി നല്കിയിട്ടുണ്ട്.. ഇറാൻ, ഗയാന, മൗറീഷ്യസ്, മെക്സിക്കോ, നേപ്പാൾ, പാരഗ്വായ്, ഫിലിപൈൻസ്, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് കൊവാക്സിൻ അംഗീകരിച്ച മറ്റ് രാജ്യങ്ങൾ. അതേ സമയം ഡബ്ല്യു.എച്ച്.ഒ അംഗീകരിക്കാത്തതിനാൽ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് കൊവാക്സിൻ എടുത്തവരെ മിക്ക രാജ്യങ്ങളും പരിഗണിക്കുന്നില്ല. അന്താരാഷ്ട്ര അതിർത്തികൾ വീണ്ടും തുറക്കുന്ന വേളയിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന്റെ അഭാവം കൊവാക്സിൻ എടുത്തവരെ 'അൺ വാക്സിനേറ്റഡ്' ഗണത്തിൽപ്പെടുത്തുന്നു. മൂന്നാംഘട്ടപരീക്ഷണത്തിൽ കൊവാക്സിൻ 77.8 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയെന്നാണ് ഭാരത് ബയോടെകിന്റെ വാദം. നിലവിൽ കൊവാക്സിനും കൊവിഷീൽഡും റഷ്യൻ നിർമിത വാക്സിനുമായ സ്ഫുട്നിക്കുമാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്.

Advertisement
Advertisement