യു.എസ് - ഇന്ത്യൻ മാദ്ധ്യമ താരതമ്യം വിശദീകരണവുമായി വൈറ്റ്ഹൗസ്

Wednesday 29 September 2021 12:21 AM IST

വാഷിംഗ്ടൺ : ഇന്ത്യയിലേയും യു.എസിലേയും മാദ്ധ്യമങ്ങളെ താരതമ്യപ്പെടുത്തി സംസാരിച്ച ജോ ബൈഡന്റെ പ്രസ്താവനയിൽ വിശദീകരണവുമായി വൈറ്റ്ഹൗസ്. യു.എസിലെ മാദ്ധ്യമങ്ങളെ ബൈഡൻ താഴ്ത്തിക്കെട്ടിയെന്ന് അമേരിക്കയിൽ വ്യാപക പ്രതിഷേധമുയരുന്നതിനിടയിലാണ് വൈറ്റ്ഹൗസിന്റെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്കിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബൈഡൻ ഇന്ത്യൻ മാദ്ധ്യമങ്ങളെ പുകഴ്ത്തി സംസാരിച്ചത്. അമേരിക്കൻ മാദ്ധ്യമങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ മാദ്ധ്യമങ്ങളുടെ പെരുമാറ്റ രീതി വളരെ മികച്ചതാണെന്നായിരുന്നു ബൈഡന്റെ പ്രതികരണം. സാഹചര്യത്തിനനുസരിച്ച് അനുയോജ്യമായ ചോദ്യങ്ങൾ ചോദിക്കുന്നതിൽ അമേരിക്കൻ മാദ്ധ്യമങ്ങൾ പിന്നോട്ടാണെന്നും അദ്ദേഹം നിരീക്ഷിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഉദ്ദേശം അമേരിക്കൻ മാദ്ധ്യമങ്ങളെ താഴ്ത്തിക്കെട്ടുകയെന്നതല്ലെന്ന് വൈറ്റ്ഹൗസ് പ്രെസ് സെക്രട്ടറി ജെൻ സാകി വിശദീകരിച്ചു. ഉദാഹരണത്തിന് ചിലപ്പോൾ ഏറെ പ്രാധാന്യമുള്ള കൊവിഡ് വാക്സിനേഷനെക്കുറിച്ചും കൊവിഡ് നിയന്ത്രണത്തെക്കുറിച്ചുമൊക്കെ പ്രസിഡന്റ് സംസാരിക്കാനാഗ്രഹിക്കുമ്പോൾ അതുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ ഉയർന്ന് വരാറുണ്ട്. അത് ചിലപ്പോഴെങ്കിലും പ്രസിഡന്റിനെ അലോസരപ്പെടുത്തുന്നു. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത്തിൽ പ്രസിഡന്റിന് പ്രശ്നമൊന്നുമില്ലെന്നും എന്നാൽ കുറച്ചു കൂടി നല്ല സഹകരണം അദ്ദേഹം യു.എസ് മാദ്ധ്യമങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും സാകി കൂട്ടിച്ചേർത്തു.

Advertisement
Advertisement