മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല, പ്രകാശനം ഇന്ന്

Wednesday 29 September 2021 2:34 AM IST

തിരുവനന്തപുരം: മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല തയ്യാറായി. നാഷണൽ ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് സ്പീച് ആൻഡ് ഹിയറിംഗ് (നിഷ്) ആണ് മലയാള അക്ഷരമാലയിൽ ഒരു ഏകീകൃത ആംഗ്യഭാഷാലിപി (ഫിംഗർ സ്‌പെല്ലിംഗ്) രൂപകല്പന ചെയ്തത്. ലിപിയുടെ പ്രകാശനം ഇന്ന് രാവിലെ 11ന് മന്ത്റി ആർ. ബിന്ദു നിർവഹിക്കും.

നിലവിൽ ചുണ്ടുകളുടെ ചലനം നോക്കിയുള്ള രീതിയാണ് വിദ്യാലയങ്ങളിൽ ഉപയോഗിച്ചുവരുന്നത്. വാക്കുകൾ എഴുതേണ്ടി വരുമ്പോൾ ശൂന്യതയിലോ കുട്ടികളുടെ കൈകളിലോ എഴുതിക്കാണിക്കും. ഇങ്ങനെ ശൂന്യതയിൽ എഴുതിക്കാണിക്കുന്നത് മിക്കപ്പോഴും ആശയക്കുഴപ്പമുണ്ടാക്കും. പലയിടങ്ങളിലും സ്വന്തമായ ലിപി രൂപകല്പന ചെയ്താണ് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത്. ഏകീകൃത ലിപി ഉപയോഗത്തിൽ വരുന്നതോടെ ഇതിന് പരിഹാരമാകും.

സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ചേർന്നതാണ് ഏകീകൃത ആംഗ്യഭാഷാലിപി. 'നിഷി'ലെ ആംഗ്യഭാഷാ വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ അവിടുത്തെ ബധിരരായ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ഫിംഗർ സ്‌പെല്ലിംഗ് രൂപകല്പന ചെയ്തത്. ഉപയോക്താക്കൾതന്നെ ലിപി രൂപപ്പെടുത്തുന്നത് സാധാരണമല്ല. ഏകീകൃത ഫിംഗർ സ്‌പെല്ലിംഗ് ഭാവിയിൽ ശ്രവണ പരിമിതർക്കുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് 'നിഷി'ന്റെ പദ്ധതി.

Advertisement
Advertisement