പരിശീലനം നൽകിയത് പാക് സൈന്യമെന്ന് അതിർത്തിയിൽ പിടികൂടിയ ഭീകരൻ

Thursday 30 September 2021 1:46 AM IST

ശ്രീനഗർ: ലഷ്കറെ തയ്ബയും പാക് സൈന്യവും ഐ.എസ്.ഐയുമാണ് തനിയ്ക്ക് പരിശീലനം നൽകിയതെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം ഉറിയിലെ നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ സൈന്യം പിടികൂടിയ ഭീകരൻ. 19 കാരനായ പാക് പഞ്ചാബ് സ്വജേശി അലി ബാബർ പത്ര സൈനിക ക്യാമ്പിൽ മാദ്ധ്യമങ്ങളുമായി സംവദിക്കുന്നതിനിടെയാണ് വെളിപ്പെടുത്തൽ നടത്തിയത്.

ദാരിദ്ര്യവും മതവിശ്വാസവും അവർ ചൂഷണം ചെയ്തു. അമ്മയുടെ ചികിത്സയ്ക്കായി 25,000 രൂപ നൽകി. ഇസ്‍ലാം അപകടത്തിലാണെന്ന് പറഞ്ഞു. ദൗത്യം പൂർത്തിയാക്കിയ ശേഷം 30,000 രൂപ കൂടി നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നു. പാക് സൈന്യം വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ട് യുവാക്കളെ സ്വാധീനിക്കുകയും കാശ്മീരിൽ അക്രമത്തിനായി അതിർത്തി കടത്തിവിടുകയും ചെയ്യുന്നുണ്ടെന്നും അലി പറഞ്ഞു. മുസാഫറബാദിലെ ലഷ്‌കറെ ക്യാമ്പിലാണ് പരിശീലനം ലഭിച്ചതെന്നും ആറംഗ ഭീകരസംഘത്തിനൊപ്പം 18നാണ് നുഴഞ്ഞുകയറിയതെന്നും അലി വ്യക്തമാക്കി.

ആറംഗ സംഘത്തിൽ 2 പേരാണ് അതിർത്തി കടന്നെത്തിയത്. നാലുപേർ അതിർത്തി കടക്കാതെ പിന്മാറി.

ഒരാളെ സൈന്യം വധിച്ചു. തുടർന്ന്, തന്നെ കൊല്ലരുതെന്ന് അപേക്ഷിച്ച അലിയെ സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു.