യു.പിയിൽ റെയ്ഡിനിടെ ബിസിനസുകാരൻ മരിച്ചു ആറ് പൊലീസുകാർക്ക് സസ്പെൻഷൻ

Thursday 30 September 2021 1:16 AM IST

ലക്നൗ: യു.പിയിലെ ഗോരഖ്പൂരിൽ അർദ്ധരാത്രിയിൽ നടന്ന റെയ്ഡിനിടെ ബിസിനസുകാരൻ മരിച്ചതിന് ആറ് പൊലീസുകാ‌ർക്ക് സസ്പെൻഷൻ. തിങ്കളാഴ്ച ഗോരഖ്പൂരിലെ ഒരു ഹോട്ടലിൽ നടന്ന റെയ്ഡിനിടെയാണ് ബിസിനസുകാരനായ മനീഷ് കുമാർ ഗുപ്ത മരിച്ചത്. മനീഷിനെ പൊലീസുകാർ മർദ്ദിച്ചുകൊലപ്പെടുത്തിയതാണെന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറയുന്നത്. എന്നാൽ, മുറിയിൽ തെന്നിവീണ് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസിന്റെ വാദം.

മനീഷ് കുമാർ ഗുപ്തയും രണ്ടു സുഹൃത്തുക്കളും ചേർന്ന് ചൊവ്വാഴ്ച ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്നു. അർദ്ധരാത്രി കഴിഞ്ഞതിനുശേഷം പൊലീസ് മുറിയിൽ കടന്നുകയറി റെയ്ഡ് നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ബിസിനസ് പങ്കാളികളായ മൂവരും മറ്റൊരു സുഹൃത്തിനെ കാണാനെത്തിയതായിരുന്നു. ഐ.ഡി കാർഡ് കാണിച്ചിട്ടും പൊലീസ് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും മനീഷിനെ മുറിക്ക് പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദ്ദിച്ചെന്നും സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ, സംശയാസ്പദമായ രീതിയിൽ മൂന്ന് പേർ നഗരത്തിൽ മുറിയെടുത്ത് താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, മനീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.