അഭിനയജീവിതത്തിന് പത്തുവ‌ർഷം,​ തെലുങ്കിൽ നായകനായി ഉണ്ണിമുകുന്ദൻ

Thursday 30 September 2021 4:23 AM IST

തെലുങ്കിൽ നായകനായി എത്തുമ്പോൾ ഉണ്ണിമുകുന്ദന്റെ അഭിനയജീവിതത്തിന് പത്തുവ‌ർഷത്തിളക്കം

ഇതാദ്യമായി തെലുങ്കിൽ നായകനായി ഉണ്ണിമുകുന്ദൻ എത്തുന്നു. രമേശ് വർമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഉണ്ണിമുകുന്ദൻ നായകനായി എത്തുന്നത്. ഒരു മാസ് എന്റർടെയ്‌നറായ ചിത്രം തെലുങ്കിലെ പ്രശസ്തമായ ബാനറാണ് നിർമ്മിക്കുന്നത്. ജനത ഗ്യാരേജാണ് ഉണ്ണി മുകുന്ദൻ ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രം. ഇൗ ചിത്രത്തിൽ മോഹൻലാലിന്റെ മകന്റെ വേഷമായിരുന്നു. രണ്ടാമത് ചിത്രമായ ബാഗമതിയിൽ പ്രണയാതുരനായ ചെറുപ്പക്കാരന്റെ വേഷമായിരുന്നു . ജയറാമും അനുഷ്‌ക ഷെട്ടിയും ഉൾപ്പെടെ വൻതാരനിരതന്നെ ബാഗമതിയിൽ അണിനിരന്നിരുന്നു.അതേസമയം രവി തേജയെ നായകനാക്കി രമേശ് വർമ്മ സംവിധാനം ചെയ്യുന്ന ഖിലാഡി എന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ ഉണ്ണിമുകുന്ദൻ അവതരിപ്പിക്കുന്നുണ്ട്. ഇതിനുശേഷമാണ് ഉണ്ണിയെ നായകനാക്കി രമേശ് വർമ്മ പുതിയ ചിത്രം ഒരുക്കുക. തെലുങ്കിൽ ഉണ്ണിമുകുന്ദൻ അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. മമ്മൂട്ടി, മോഹൻലാൽ,എന്നിവരാണ് മലയാളത്തിൽനിന്ന് തെലുങ്കിൽ നായകവേഷത്തിൽ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിൽ മേപ്പടിയാനാണ് ഉണ്ണിമുകുന്ദന്റെ പുതിയ റിലീസ്.

ആദ്യമായി നിർമ്മാതാവിന്റെ കുപ്പായം അണിയുന്ന ചിത്രം കൂടിയാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് നവാഗതനായ വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്നു. അഞ്ജു കുര്യനാണ് നായിക. ഉണ്ണിമുകുന്ദന്റെ നായികയായി അഞ്ജു കുര്യൻ എത്തുന്നത് ആദ്യമാണ്. ലോക്ഡൗൺ കാലത്ത് ചിത്രീകരണം പൂർത്തിയാക്കിയ ഏക് ദിൻ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. നവാഗതനായ വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗായകനായും ഉണ്ണി അരങ്ങേറ്റം കുറിക്കുന്നുണ്ട്. വാ വാ വാ കേറി വാടാ എന്ന ഗാനം വിനായക് ശശികുമാറാണ് എഴുതിയത്. മേപ്പാടിയാനുശേഷം വിഷ്ണുമോഹൻ ഒരുക്കുന്ന പപ്പ എന്ന ചിത്രത്തിലും ഉണ്ണിമുകുന്ദനാണ് നായകൻ. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെ‌ടുന്ന പപ്പയുടെ ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. അടുത്ത ആഴ്ച ഒ.ടി.ടി റിലീസായി എത്തുന്ന ഭ്രമം എന്ന പൃഥ്വിരാജ് ചിത്രത്തിൽ പ്രതിനായകനായ പൊലീസ് വേഷത്തിലാണ് താരം. മോഹൻലാൽ ചിത്രങ്ങളായ ബ്രോ ഡാഡിയിലും 12th Man ലും നിർണായക വേഷത്തിൽ എത്തുന്നുണ്ട്.വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്‌ലി ഉണ്ണിമുകുന്ദൻ നായക വേഷത്തിൽ എത്തുന്ന ചിത്രങ്ങളുടെ പട്ടികയിലുണ്ട്. അഭിനയജീവിതത്തിൽവഴിത്തിരിവ് സൃഷ്ടിച്ച മല്ലുസിംഗ് ഒരുക്കിയതും വൈശാഖ് ആയിരുന്നു.