കോൺഗ്രസ് നേതൃത്വത്തിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടി വീണ്ടും 'ജി23'
ന്യൂഡൽഹി: പഞ്ചാബിൽ നവ്ജ്യോത് സിംഗ് സിദ്ദു രാജിവച്ചതും കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ നേതാക്കൾക്കിടയിലെ പൊട്ടിത്തെറിയും പ്രമുഖർ പാർട്ടി വിടുന്നതും ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാക്കൾ അടങ്ങിയ 'ജി23' വീണ്ടും വിമർശനവുമായി രംഗത്ത്. നേതൃത്വത്തിന് അടുപ്പമുണ്ടായിരുന്നവർ പാർട്ടി വിട്ടെന്നും അനഭിമതരായവർ ഇപ്പോഴും തുടരുകയാണെന്നും പഞ്ചാബിലെ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടി മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ പറഞ്ഞു. അടിയന്തരമായി പ്രവർത്തക സമിതി വിളിച്ചു ചേർക്കണമെന്ന് മറ്റൊരു മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.
ജി 23 നേതാക്കളുടെ പ്രതിനിധിയായാണ് താൻ സംസാരിക്കുന്നതെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി.
അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ കോൺഗ്രസിനുള്ളിൽ സംഭവിക്കുന്ന കാര്യങ്ങൾ പാക് ചാര സംഘടനയായ ഐ.എസ്.എെയെ അടക്കം സഹായിക്കുന്നതാണെന്നും പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണെന്നും സിബൽ പറഞ്ഞു. പഞ്ചാബിലെ ഭീകര പാരമ്പര്യം ഏവർക്കും അറിയാവുന്നതിനാൽ സ്ഥിതിഗതികൾ ഗൗരവമായി കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടി വിട്ട് എവിടെയെങ്കിലും പോകുന്നവരല്ല ജി23 നേതാക്കൾ. 'ജി ഹുസൂർ' പറഞ്ഞ് വിനീത വിധേയരായി നിൽക്കുന്നവരല്ല തങ്ങൾ. ഞങ്ങൾ സംസാരിക്കും. ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കും.
സ്ഥിരം പ്രസിഡന്റില്ലാത്ത പാർട്ടിയിൽ ആരാണ് നിർണായക തീരുമാനങ്ങളെടുക്കുന്നതെന്ന് അറിയില്ലെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അടക്കം പരോക്ഷമായി വിമർശിച്ച് സിബൽ പറഞ്ഞു. പാർട്ടി എങ്ങനെ ശക്തിപ്പെടുത്താമെന്ന് എല്ലാവരും ചിന്തിക്കണം. രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിന് മാത്രമെ കഴിയൂ എന്ന് മനസിലാക്കി പാർട്ടി വിട്ടവർ മടങ്ങിവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ക്യാപ്‌ടനെ പിന്തുണച്ച് മനീഷ്
പഞ്ചാബിനെ ഒന്നിച്ചുകൊണ്ടുപോകാൻ കഴിവുള്ള നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ക്യാപ്‌ടൻ അമരീന്ദർ സിംഗെന്ന് ജി 23ലെ മറ്റൊരു അംഗമായ മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി. ഏറെക്കാലമായി അദ്ദേഹത്തെ നേരിട്ടറിയാം. നിലവിലെ സാഹചര്യങ്ങൾ പഞ്ചാബിൽ അസ്ഥിരത സൃഷ്‌ടിക്കുമെന്ന് ക്യാപ്ടൻ പ്രവചിച്ചിരുന്നു. ഏറ്റവും അധികം സന്തോഷിക്കുന്നത് പാകിസ്ഥാനായിരിക്കും. ഇപ്പോഴത്തെ സംഭവങ്ങൾ 1980-95 കാലത്തെ ഭീകരതയിൽ നിന്ന് പഞ്ചാബിനെ രക്ഷിച്ച് സമാധാനം തിരിച്ചുകൊണ്ടുവന്ന കോൺഗ്രസുകാരോടുള്ള വഞ്ചനയാണ്. മുങ്ങുന്ന കപ്പൽ സുരക്ഷിതമായി തീരത്ത് അടുപ്പിക്കാൻ ശേഷിയുള്ള കൈകളിൽ പഞ്ചാബ് ഏൽപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.