തുറക്കാനായി സ്കൂളുകളെ ഒരുക്കുന്നു

Thursday 30 September 2021 12:07 AM IST

കണ്ണൂർ: സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ക്ലാസ് റൂമുകൾ, ടോയ്‌ലറ്റ്, സ്‌കൂൾ പരിസരം എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരിക്കുകയെന്ന ലക്ഷ്യത്തോടെ 'ആരവത്തിനു മുമ്പ് അഴകോടെ അക്ഷരമുറ്റം" പരിപാടി ഒക്ടോബർ രണ്ടിന് ആരംഭിക്കാൻ ജില്ലാ ആസൂത്രണസമിതി യോഗത്തിൽ തീരുമാനം. നടുവിൽ എച്ച്.എസ്.എസിൽ രാവിലെ എട്ടിന് ജോൺ ബ്രിട്ടാസ് എം.പി പരിപാടി ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പരിപാടി തുടങ്ങുന്നതിന് മുന്നോടിയായി അടുത്തദിവസം തന്നെ തദ്ദേശ സ്ഥാപനങ്ങൾ ആലോചനായോഗം ചേരും. ആരോഗ്യ പ്രവർത്തകരുടെ പ്രത്യേക സംഘം പരിപാടിയുടെ ഭാഗമായി സ്‌കൂളുകൾ സന്ദർശിക്കും. സ്‌കൂളുകളിലെ കുടിവെള്ള സ്രോതസ്സുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച് വൃത്തി ഉറപ്പു വരുത്തും. സ്‌കൂളിലെ എല്ലാ ജീവനക്കാരും രണ്ട് ഡോസ് വാക്‌സിൻ എടുത്തവരാണെന്ന് ഉറപ്പുവരുത്തണമെന്ന് യോഗത്തിൽ ജില്ലാ കളക്ടർ എസ് .ചന്ദ്രശേഖർ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികൾ ഉൾപ്പെട്ട സംഘം സ്‌കൂളുകൾ സന്ദർശിക്കാനും യോഗത്തിൽ തീരുമാനിച്ചു. ഓൺലൈനായി നടന്ന യോഗത്തിൽ ഡോ. വി. ശിവദാസൻ എം.പി, രാമന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.

ഓരോ മണ്ഡലത്തിലും തദ്ദേശ സ്ഥാപനങ്ങൾ, പി.ടി.എ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേന എന്നിവരെ ഉൾപ്പെടുത്തി ജനകീയ യജ്ഞമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. സ്‌കൂളുകളുടെ ഫിറ്റ്‌നസ്സ്, വാഹനങ്ങളുടെ കാര്യക്ഷമത, ഇൻഷുറൻസ് അടക്കമുള്ള കാര്യങ്ങൾ സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഉറപ്പുവരുത്തണം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ