ഡോക്ടർ ചമഞ്ഞ് പണം തട്ടിയ യുവാവ് പിടിയിൽ

Thursday 30 September 2021 7:57 AM IST

നാഗർകോവിൽ: കുടുംബഡോക്‌ടർ എന്ന വ്യാജേന ഗൃഹനാഥന്റെ കൈയിൽ നിന്ന് പണം കബളിപ്പിച്ച യുവാവിനെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തു. തൂത്തുക്കുടി, മാപ്പിളയൂറണി സ്വദേശി ഇശക്കി മുത്തുവാണ് (28) അറസ്റ്റിലായത്.

നാഗർകോവിൽ കോട്ടാർ സ്വദേശി ചിദംബര സുബയ്യനാണ് തട്ടിപ്പിന് ഇരയായത്. രണ്ട് മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം.

ചിദംബര സുബയ്യന്റെ ഫോണിൽ വിളിച്ച ഇശക്കിമുത്തു ഇവരുടെ കുടുംബ ഡോക്ടറാണെന്നും അത്യാവശ്യമായി 30,000 രൂപ കടം നൽകണമെന്നും ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച ചിദംബര സുബയ്യൻ ഉടൻതന്നെ പണം അയച്ചുനൽകി. പിറ്റേന്നും വിളിച്ച് പണം ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി നൽകിയത്.

തുടർന്ന് കന്യാകുമാരി സൈബർ ക്രൈം അഡി. ഡി.എസ്‌.പി സുന്ദരത്തിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്‌ടർ വസന്തി, എസ്.ഐ അജ്മൽ ജെന്നീഫ് എന്നിവർ അടങ്ങുന്ന അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്ന് തട്ടിയെടുത്ത പണവും വ്യാജ സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തു. പ്രതിയെ റിമാൻഡ് ചെയ്‌തു.