മോദി നിർമ്മിക്കുന്നത് ദീനദയാൽ സ്വപ്നം കണ്ട ഇന്ത്യ: കെ. സുരേന്ദ്രൻ

Thursday 30 September 2021 12:19 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നിർമ്മിക്കുന്നത് ദീനദയാൽ സ്വപ്നംകണ്ട ഇന്ത്യയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ജന്മദിനത്തോടനുബന്ധിച്ച് അരവിന്ദോ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജനൈതിക രംഗത്ത് അനിവാര്യമായിരുന്ന പരിഷ്‌ക്കാരങ്ങൾക്ക് അടിത്തറയിട്ട നേതാവായിട്ടാണ് അദ്ദേഹത്തെ വിലയിരുത്തേണ്ടത്. ആത്മീയതയിലൂന്നിയ ജനാധിപത്യം വിഭാവനം ചെയ്ത അദ്ദേഹം ഭാരതത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ നേതാവായിരുന്നു. സമ്പൂർണ മനുഷ്യനെ സൃഷ്ടിക്കുന്നതിലൂടെ രാഷ്ട്രനിർമ്മിതി സാദ്ധ്യമാണെന്ന് ദീനദയാൽ തെളിയിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു. അരവിന്ദോ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് കെ. രാമൻപിള്ള മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പ്രൊഫ. പി. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ പി. രാഘവൻ നന്ദി പറഞ്ഞു.