കൊടകര കുഴൽപ്പണക്കേസിലെ രണ്ടുപ്രതികളെ ചോദ്യം ചെയ്തു

Thursday 30 September 2021 12:20 AM IST

തൃശൂർ: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് കാർ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്ത രണ്ട് പ്രതികളെ അന്വേഷണസംഘം ചോദ്യം ചെയ്തു. മൂന്നാം പ്രതി രഞ്ജിത്ത്, ഏഴാം പ്രതി ലബീബ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ചൊവ്വാഴ്ച ഒരു പ്രതിയെ ചോദ്യം ചെയ്തിരുന്നു. കേസിൽ പ്രതി ചേർത്തിട്ടുള്ളവരിൽ നിന്ന് മൊഴിയും തെളിവും ശേഖരിക്കുമെന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു. കൊടകരയിൽ ഏപ്രിൽ മൂന്നിന് മൂന്നരക്കോടി രൂപ കവർന്ന കേസിലാണ് രണ്ടാംഘട്ട തെളിവെടുപ്പ് നടന്നത്. കേസിൽ അറസ്റ്റുചെയ്ത 22 പേരും ഇപ്പോൾ ജാമ്യത്തിലാണ്. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഒൻപത് പ്രതികളാണ് പണം തട്ടിയെടുക്കുന്നത് ആസൂത്രണം ചെയ്തത്. ഈ സംഘത്തിൽ ലബീബും ഉണ്ടായിരുന്നു. കൊടകരയിൽ വച്ച് കാർ തടഞ്ഞ് കമ്പിപ്പാര കൊണ്ട് ചില്ല് തകർത്തത് ലബീബാണ്. കാറിന്റെ രഹസ്യഅറ തകർത്ത് പണം എടുത്ത സംഘത്തിലും ലബീബ് ഉണ്ടായിരുന്നു. ഇതിൽ പത്തുലക്ഷം രൂപയാണ് ലബീബിന് കിട്ടിയത്. സംഘത്തലവനായ രഞ്ജിത്തിന് 50 ലക്ഷം കിട്ടിയെന്നാണ് ഒന്നാം കുറ്റപത്രത്തിലുള്ളത്.