കുലമറുത്ത് മല്ലികക്കാ ഖനനം

Thursday 30 September 2021 12:00 AM IST

# ആശങ്കയോടെ പരമ്പരാഗത തൊഴിലാളികൾ

ആലപ്പുഴ: വേമ്പനാട്ട് കായലിൽ മല്ലികക്കയുടെയും പൊടിമീനിന്റെയും സമ്പത്ത് വർദ്ധിപ്പിക്കാൻ ഫിഷറീസ് വകുപ്പ് പദ്ധതികൾ നടപ്പാക്കുമ്പോൾ അനധികൃത കക്കാവാരൽ വ്യാപകമാകുന്നു. മല്ലികക്ക കൂടുതലായി കാണുന്ന, തണ്ണീർമുക്കം ബണ്ടിന്റെ വടക്ക് ഭാഗത്താണ് കക്കാവാരൽ തകൃതിയായത്.

ഇതോടെ കറുത്ത കക്കയുടെ ലഭ്യത കുറയുമെന്ന ആശങ്കയിലാണ് പരമ്പരാഗത തൊഴിലാളികൾ. ദിവസങ്ങൾ മാത്രം വളർച്ചയെത്തിയ കക്കയാണ് ഇത്തരത്തിൽ വ്യാപകമായി വാരിയെടുക്കുന്നത്. കൊവിഡിൽ നട്ടം തിരിയുന്ന പരമ്പരാഗത കക്കാ വാരൽ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുന്ന അവസ്ഥയാണുള്ളത്.

സിമന്റ് കമ്പിനി, വള നിർമ്മാണ ശാല, കോഴിത്തീറ്റ എന്നിവയ്ക്കായാണ് മല്ലികക്ക അയൽ സംസ്ഥാനനങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്നത്.

കക്കാ ഇറച്ചി വില്പനയിൽ ഏർപ്പെട്ടിരിക്കുന്ന ചില ലോബികളാണ് മല്ലിക്കക്ക വ്യാപകമായി വാരിക്കുന്നത്. പുലർച്ചെ വള്ളങ്ങളിൽ എത്തുന്നവർ ചുരുങ്ങിയ സമയം കൊണ്ട് കക്ക വാരി വള്ളം നിറച്ച് മടങ്ങും. ഇത് തുടർന്നാൽ ഒരു വർഷത്തിനകം വേമ്പനാട്ടുകായലിൽ കക്കാ ലഭ്യത നാമമാത്രമാകും.

ഒരു പാട്ട കക്കയിൽ നിന്ന്: 07 കിലോ ഇറച്ചി (പൂർണ വളർച്ചയെത്തിയത്)​

ഒരു കിലോ കക്കായിറച്ചിക്ക്: ₹ 40

വലിപ്പമനുസരിച്ച് ഒരു പാട്ട കക്ക: ₹ 45 ​- 80

ഒരു കക്കായുടെ പ്രജനനശേഷി: 15 ​- 20 ലക്ഷം കുഞ്ഞുങ്ങൾ

ആയുസ് മൂന്നുവർഷം

വൈക്കം, തൈക്കാട്ടുശേരി ഭാഗങ്ങളിലാണ് മല്ലികക്ക കൂടുതലായുള്ളത്. കക്കയുടെ തോട് വളരാൻ കാത്സ്യം ആവശ്യമാണ്. കടൽ വെള്ളത്തിൽ കാത്സ്യത്തിന്റെ അളവ് കൂടുതലാണ്. തണ്ണീർമുക്കം ഭാഗത്ത് വെള്ളത്തിന് ഉപ്പുരസം ഉള്ളത് കക്കയുടെ പ്രജനനത്തിന് ഗുണകരമാണ്. മൂന്നുവർഷം വരെ കക്കായ്ക്ക് ആയുസുണ്ട്. എന്നാൽ മാലിന്യവും അനധികൃത കക്കാ വാരലും ഇതിന് തിരച്ചടിയാകുന്നു.

""

അനധികൃത കക്കാ വാരൽ തടഞ്ഞില്ലെങ്കിൽ പരമ്പരാഗത തൊഴിലാളികൾക്ക് തിരച്ചടിയാകും. മല്ലിക്കക്കാ വാരൽ വേമ്പനാട്ടുകായലിലെ കക്കാ സമ്പത്ത് ഇല്ലാതാക്കും. ശക്തമായ നടപടി സ്വീകരിക്കണം.

കക്കാസംഘം തൊഴിലാളികൾ

Advertisement
Advertisement