ലോക നേതാക്കളെ രൂക്ഷമായി വിമർശിച്ച് ഗ്രേറ്റ തുൻബർഗ്

Wednesday 29 September 2021 11:58 PM IST

മിലൻ: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ലോകനേതാക്കളുടെ പ്രഖ്യാപനങ്ങളെല്ലാം പാഴ്വാക്ക് മാത്രമാണെന്ന് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ്. ചൊവ്വാഴ്ച ഇറ്റലിയിലെ മിലനിൽ നടന്ന യൂത്ത് ഫോർ ക്ലൈമറ്റ് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് ഗ്രെറ്റ ലോക നേതാക്കളെ രൂക്ഷമായി വിമർശിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പ്രസംഗിക്കുന്ന നേതാക്കളുടെ വാക്കുകൾ മഹത്തരമാണെന്നും എന്നാൽ അവരുടെ വാഗ്ധാനങ്ങളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന് ഗ്രേറ്റ പരിഹസിച്ചു. ബോറിസ് ജോൺസൺ, നരേന്ദ്ര മോദി ഉൾപ്പടെയുള്ള ലോകനേതാക്കളുടെ പ്രസ്താവനകൾ എടുത്തു പറഞ്ഞായിരുന്നു ഗ്രേറ്റയുടെ വിമർശനം.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് സഹകരണം, ഇച്ഛാശക്തി എന്നിവ ആവശ്യമാണെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയാണ് ഗ്രെറ്റ തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞത്. അവരുടെ പൊള്ളയായ വാക്കുകളിലും വാഗ്ദാനങ്ങളിലും ഒരു കാര്യവുമില്ലെന്നും നമ്മൾ തെറ്റായ വഴിയെ അതിവേഗം പോയിക്കൊണ്ടിരിക്കുകയാണെന്നും ഗ്രേറ്റ ഓർമ്മിപ്പിച്ചു. വെറും രണ്ട് ശതമാനം ഭരണകൂടങ്ങളാണ് ഹരിതോർജം പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രമിക്കുന്നത്.

നേതാക്കളുടെ കരുതിക്കൂട്ടിയുള്ള നിസഹകരണം ഭാവി തലമുറയോടുള്ള ചതിയാണെന്നും ഗ്രേറ്റ വിമർശിച്ചു.