ചെസ് ഹൗസ് ബോട്ട് ഗ്ലോബൽ

Thursday 30 September 2021 12:01 AM IST

ആലപ്പുഴ: ഓറിയന്റ് ചെസ് മൂവ്‌സ് സംഘടിപ്പിക്കുന്ന ഏകദിന ചെസ് ഉത്സവമായ ചെസ് ഹൗസ് ബോട്ട് ഗ്ലോബൽ 2021 ആലപ്പുഴയിൽ നടക്കുമെന്ന് ഓറിയന്റ് ചെസ് മൂവ്‌സ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 9ന് രാവിലെ 10.30ന് വേമ്പനാട്ട് കായലിൽ പുന്നമട ഫിനിഷിംഗ് പോയന്റിൽ ഒഴുകുന്ന ഹൗസ്ബോട്ടിൽ നടക്കുന്ന മത്സരം മന്ത്രി മുഹമ്മദ് റിയാസ് തമിഴ്‌നാടിന്റെ അന്തർദേശീയ ചെസ് മാസ്റ്റർ വി.ശരവണനോട് പ്രദർശന മത്സരത്തിൽ പങ്കെടുത്ത് ഉദ്ഘാടനം ചെയ്യും. ബുഡാപെസ്റ്റിലെ ഗ്ലോബൽ ചെസ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടാണ് കേരളത്തിൽ ഏകദിന ചെസ് മത്സരം നടത്തുന്നത്. ഈ വർഷത്തെ ഗ്ലോബൽ ചെസ് ഫെസ്റ്റിവലിലിൽ പങ്കാളികളാകുവാൻ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ചെസ് ഹൗസ് ബോട്ടാണ്. ഇതിനായി അപ്പർ ഡെക്കുള്ള വലിയ ഹൗസ്ബോട്ടാണ് സജ്ജമാക്കിയിട്ടുള്ളത്.

ചെസ് മാസ്റ്റർ ശരവണൻ ഒരേ സമയം 30 കളിക്കാരോട് ചെസ് കളിക്കുന്ന സിമൾടേനിയസ് മത്സരവും നടക്കും. ഇതിനോടൊപ്പം ഓരോ കളിക്കാരനും അഞ്ച് മിനിറ്റുവീതം അനുവദിച്ചുള്ള മിന്നൽ ചെസ് മത്സരവും ചെസ് ക്വിസ്, ചെസ് ചിത്രരചനാ മത്സരം, ചെസ് ഫോട്ടോഗ്രാഫി മത്സരം, കായൽയാത്ര എന്നിവയും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ പ്രൊഫ. എൻ.ആർ. അനിൽ കുമാർ, ജോ പറപ്പള്ളി, ജോജു തരകൻ എന്നിവർ പങ്കെടുത്തു.