അമൃത മഹോത്സവം ബോധവത്കരണ ക്ളാസ്

Thursday 30 September 2021 12:53 AM IST

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പേരിലുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി 2 മുതൽ നവംബർ 14 വരെ ജില്ലയിൽ ലീഗൽ സർവീസസ് അതോറിട്ടറിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ ബോധവത്കരണ ക്ളാസുകളും നവംബർ 8 മുതൽ 14 വരെ നിയമസഹായ വാരവുമായി ആഘോഷിക്കുമെന്ന് അതോറിട്ടി ചെയർപേഴ്സണും ജില്ലാ ജഡ്ജുമായ കെ.കെ. സുജാത വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷിക്കാർ, അഗതികളായ സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ തുടങ്ങി സമൂഹത്തിലെ അവശത അനുഭവിക്കുന്നവരുടെ താമസ, ഭക്ഷണ സൗകര്യം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്ന പരിപാടികളും സംഘടിപ്പിക്കും. 2ന് രാവിലെ ഓൺലൈനായി ജില്ലാതല ഉദ്ഘാടനം അതോറിറ്റി ചെയർമാനും ജഡ്ജുമായ കെ.കെ. സുജാത നിർവഹിക്കും. ജില്ലാ ജഡ്ജ് നേതൃത്വം നൽകുന്ന സംഘാടക സമിതിയിൽ ന്യായാധിപർ, അഡ്വക്കേറ്റുമാർ, ജനപ്രതിനിധികൾ, എൻ.ജി.ഒ, എൻ.എസ്.എസ് യൂണിറ്റുകൾ, കുടുംബശ്രീ തുടങ്ങിയ മേഖലയിലെ പ്രഗത്ഭർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ എം.ടി. ജലജാമണിയും പങ്കെടുത്തു.