കൊക്കൊ ഗവേഷണം തുടർന്നേക്കും

Thursday 30 September 2021 2:42 AM IST

  • കേരളകൗമുദി വാർത്ത ഫലം കണ്ടു,
  • പദ്ധതി മൊണ്ടേലെസ് കമ്പനിയുടെ അംഗീകാരത്തിന്

തൃശൂർ: വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ കാർഷിക സർവകലാശാലയുടെ കൊക്കൊ ഗവേഷണ പദ്ധതി മൊണ്ടേലെസ് കമ്പനിയുടെ അംഗീകാരത്തിന് സമർപ്പിച്ചു. 'ഡെയർ' തിരിച്ചയച്ച പദ്ധതി കമ്പനിയുടെ അംഗീകാരത്തിനയക്കാൻ വൈകുന്നത് സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ധാരണാപത്രം ഒപ്പിടാനായി നീട്ടിക്കൊടുത്ത സമയം ഇന്ന് (വ്യാഴം) അവസാനിക്കാനിരിക്കെയാണ് ഭേദഗതി നിർദ്ദേശങ്ങളോടെ സർവകലാശാല പദ്ധതി അംഗീകാരത്തിനയച്ചത്. കൊക്കോ പദ്ധതിക്ക് കേന്ദ്ര അംഗീകാരം വേണ്ടെന്ന് കാട്ടി ഡിപ്പാർട്ട്‌മെന്റ് ഒഫ് അഗ്രികൾച്ചർ റിസർച്ച് ആൻഡ് എഡ്യുക്കേഷൻ (ഡെയർ), പദ്ധതി സർവകലാശാലയ്ക്ക് തിരിച്ചയച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും കമ്പനിയുമായി കരാറൊപ്പിടാൻ നടപടിയായിരുന്നില്ല. വൈകുന്തോറും അംഗീകാരത്തിനുള്ള സാദ്ധ്യത മങ്ങുകയായിരുന്നു.

ഇനി കാത്തിരിക്കേണ്ടത് രണ്ടാഴ്ച

ഇനി രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാകുമെന്നാണ് വിവരം. സർവകലാശാല നിർദ്ദേശിച്ച ഭേദഗതികൾ കമ്പനിയുടെ നിയമവിദഗ്ദ്ധർ പരിശോധിച്ച് അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. കമ്പനിക്ക് ഭേദഗതി നിർദ്ദേശങ്ങളുണ്ടെങ്കിൽ അവ കൂട്ടിച്ചേർത്ത് ധാരണാപത്രം സർവകലാശാലയ്ക്ക് തിരിച്ചയക്കും. സർവകലാശാല അത് അംഗീകരിച്ചാൽ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും. തുടർന്ന് പദ്ധതിത്തുകയായ 2.65 കോടി സർവകലാശാലയ്ക്ക് ലഭിക്കും. തുക വിനിയോഗിക്കുന്നത് സംബന്ധിച്ച വിശദവിവരം സർവകലാശാല സമർപ്പിച്ചാൽ അടുത്ത മൂന്ന് വർഷത്തെ കൊക്കൊ ഗവേഷണ പദ്ധതി പ്രാബല്യത്തിൽ വരും.

മുൻകാല പ്രാബല്യം ലഭിച്ചേക്കും

ഫെബ്രുവരിയിൽ കാലാവധി അവസാനിച്ച പദ്ധതി മുൻകാല പ്രാബല്യത്തോടെ പുതുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ കരാർ, താത്കാലിക ജീവനക്കാരായ 30 പേർക്ക് കഴിഞ്ഞ ആറ് മാസത്തെ വേതനം നഷ്ടപ്പെടില്ല. വിദേശ സഹായം ലഭിക്കുന്ന ഗവേഷണ പദ്ധതികൾക്ക് 2020ലെ ഉത്തരവ് പ്രകാരം ഡെയറിന്റെ അംഗീകാരം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് കാർഷിക സർവകലാശാല കരാർ ഒപ്പിടാതിരുന്നത്. എന്നാൽ ഇന്ത്യൻ കമ്പനിയുമായി ധാരണാപത്രം ഒപ്പിടുന്നതിന് ഈ നിബന്ധന ബാധകമല്ലെന്ന് ഡെയർ വിശദീകരിച്ചിരുന്നു.

Advertisement
Advertisement