കൊവാക്സിന് അടിയന്തര അനുമതി:  തീരുമാനം ഒക്ടോബറിലെന്ന് ഡബ്ലിയു.എച്ച്.ഒ

Friday 01 October 2021 12:00 AM IST

ജനീവ: ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് വാക്സിനായ കൊവാക്സിന് അടിയന്തര ഉപയോഗാനുമതി

നൽകുന്നതിനെക്കുറിച്ച് ഒക്ടോബറിൽ തീരുമാനമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന.

അംഗീകാരത്തിനായി ഏപ്രിലിൽ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു. വാക്സിന്റെ പരീക്ഷണത്തിന്റെയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങൾ പരിശോധിക്കുകയാണെന്ന് ഡബ്ലിയു.എച്ച്.ഒ അറിയിച്ചു.

ഡബ്ലിയു.എച്ച്.ഒ ആവശ്യപ്പെട്ട എല്ലാ ഡേറ്റയും നൽകിയെന്ന് ഭാരത് ബയോടെക്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ, സാങ്കേതിക വിഷയങ്ങളിൽ ഡബ്ലിയു.എച്ച്.ഒ കൂടുതൽ വിവരങ്ങൾ തേടിയിരുന്നു​.

കൊവിഡ് വ്യാപനം ലോകത്ത് കുറഞ്ഞതോടെ അന്താരാഷ്ട്ര അതിർത്തികൾ വീണ്ടും തുറക്കുകയാണ്. എന്നാൽ, ഡബ്ലിയു.എച്ച്.ഒയുടെ അംഗീകാരം ലഭിക്കാത്തതിനാൽ

കൊവാക്​സിൻ എടുത്തവരെ 'അൺ വാക്​സിനേറ്റഡ്​' ഗണത്തിൽപ്പെടുത്തുന്നു. ഇതുമൂലം അവരുടെ വിദേശരാജ്യങ്ങളിലേക്കുള്ള പ്രവേശനം ബുദ്ധിമുട്ടിലാകുന്നു. ഡബ്ലിയു.എച്ച്.ഒയുടെ അനുമതി ലഭിച്ചാൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് രാജ്യാന്തര യാത്രകൾക്കുള്ള തടസം നീങ്ങും. ഫൈസർ​, ജോൺസൺ ആണഡ് ജോൺസൺ, മൊഡേണ, സിനോഫാം,അസ്​ട്രസെനക തുടങ്ങിയ വാക്​സിനുകൾക്ക് ഡബ്ലിയു.എച്ച്.ഒ അനുമതി നൽകിയിട്ടുണ്ട്.

@ അനുമതി അനിവാര്യം

യൂറോപ്യൻ മെഡിസിൻസ്​ ഏജൻസി, ​ബ്രിട്ടനിലെ മെഡിസിൻസ്​ ആൻഡ്​ ഹെൽത്ത്​കെയർ പ്രൊഡക്​ട്​സ്​ റെഗുലേറ്ററി ഏജൻസി എന്നീ സംഘടനകൾ കൊവാക്സിന് അനുമതി നൽകിയിട്ടില്ല.

കാനഡ, ആസ്​ട്രേലിയ, എന്നിവിടങ്ങളിൽ അനുമതി ഇല്ലാത്തത്

നിരവധി വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കൊവാക്സിൻ സ്വീകരിച്ചവർ ഈ രാജ്യങ്ങളിൽ എത്തുമ്പോൾ ക്വാറന്റൈൻ വ്യവസ്ഥകൾ പാലിക്കുകയും കൊവിഡ്​ പരിശോധനയ്ക്ക്​ വിധേയമാകുകയും വേണം. ഇവിടങ്ങളിലെല്ലാം അംഗീകാരം ലഭിക്കാൻ ഡബ്ലിയു.എച്ച്.ഒയുടെ അനുമതി

ആവശ്യമാണ്.

@ കൊവാക്സിൻ

ഇന്ത്യയുടെ ആദ്യ തദ്ദേശീയ കൊവിഡ്​ വാക്​സിനായ കൊവാക്​സിന്​ ജനുവരിയിലാണ്​ അടിയന്തര ഉപയോഗത്തിന്​ കേ​ന്ദ്ര സർക്കാർ അനുമതി നൽകിയത്​. ജനുവരി മുതൽ കൊവിഷീൽഡിനൊപ്പം കൊവാക്​സിനും രാജ്യത്ത്​ നൽകുന്നുണ്ട്​.

ഇറാൻ, ഗയാന, മൗറീഷ്യസ്​, മെക്​സിക്കോ, നേപ്പാൾ, പാരഗ്വായ്​, ഫിലിപ്പൈൻസ്​, സിംബാബ്​വെ എന്നീ രാജ്യങ്ങൾ കൊവാക്സിന് അനുമതി നൽകിയിട്ടുണ്ട്.