പിതാവിന്റെ ദുർഭരണത്തിന് അവസാനം: ബ്രിട്നി ഇനി സ്വതന്ത്ര
വാഷിംഗ്ടൺ: ലോകപ്രശസ്ത പോപ്പ് താരം ബ്രിട്നി സ്പിയേഴ്സിന്റെ രക്ഷാകർതൃ ചുമതലയിൽ നിന്ന് പിതാവായ പിതാവായ ജെയിംസ് പാർനൽ സ്പിയേഴ്സെന്ന ജാമി സ്പിയേഴ്സിനെ നീക്കി കോടതി ഉത്തരവിട്ടു. ഗായികയുടെ 'നല്ലതിനുവേണ്ടി' പിതാവിനെ ഉടൻ തന്നെ രക്ഷാകർതൃസ്ഥാനത്തുനിന്നും നീക്കുകയാണെന്നും മറ്റൊരാൾക്ക് താത്ക്കാലിക ചുമതല നൽകണമെന്നും ലോസ് ആഞ്ചലസ് ജഡ്ജി ബ്രെന്ദ പെന്നി ഉത്തരവിട്ടു. ഇതോടെ വർഷങ്ങൾ നീണ്ട ബ്രിട്നിയുടെ പോരാട്ടത്തിന് അന്ത്യമായി.
ബ്രിട്നിയുടെ സമ്പത്തിൽ യാതൊരു അവകാശവും പിതാവ് ജാമിയ്ക്ക് ഉണ്ടായിരിക്കുന്നതല്ലെന്ന് ഉത്തരവിൽ പറയുന്നു. 13 വർഷമായി ബ്രിട്നിയുടെ ജീവിതവും സംഗീത പരിപാടികളും ക്രമീകരിച്ചിരുന്നത് പിതാവായിരുന്നു. 39കാരിയായ ബ്രിട്നിയെ ജാമിയെ സ്പിയേഴ്സ് വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. കോടതിക്ക് പുറത്ത് ബ്രിട്നിയുടെ ആരാധകരുമെത്തിയിരുന്നു. ജാമിയെ ജയിലിലടക്കൂ, ബ്രിട്നിയെ സ്വതന്ത്രയാക്കൂ തുടങ്ങിയ പ്ലക്കാഡുകളുമായാണ് ആരാധകർ തടിച്ചുകൂടിയത്.
@ പിതാവ് ജീവിതം നരകമാക്കിയപ്പോൾ
ബ്രിട്നിയുടെ ഫോൺകോളുകൾ വരെ ജാമി ചോർത്തിയിരുന്നു. ബ്രിട്നിയുടെ കിടപ്പറയിലെ സംഭാഷണങ്ങളെല്ലാം റെക്കോഡ് ചെയ്യുന്ന ഉപകരണവും ജാമി രഹസ്യമായി സ്ഥാപിച്ചിരുന്നു. ജയിൽപ്പുള്ളിയെപ്പോലെയായിരുന്നു ബ്രിട്നിയെന്ന് ഗായികയുടെ മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ കൺട്രോളിംഗ് ബ്രിട്നി സ്പിയേഴ്സ് എന്ന ഡോക്യുമെന്ററിയിൽ പറഞ്ഞിരുന്നു.
ബ്രിട്നിയുടെ ഉടമസ്ഥൻ എന്ന നിലക്കാണ് ജാമിപെരുമാറിക്കൊണ്ടിരുന്നതെന്നും ഇത് ബ്രിട്നിക്ക് ഏറെ മനപ്രയാസവും വേദനയും ഉണ്ടാക്കിയിരുന്നതായും ബ്രിട്നിയുടെ അഭിഭാഷകൻ പരാതിയിൽ പറയുന്നു. സാമ്പത്തിക ലാഭം മാത്രമായിരുന്നു ജാമിയുടെ ലക്ഷ്യം . ബ്രിട്നിയെ സ്വന്തമായി അഭിഭാഷകനെ വയ്ക്കാൻ പോലും അനുവദിച്ചിരുന്നില്ല.