കയർ ഫെഡിലെ പുനർനിയമന ആരോപണം അടിസ്ഥാനരഹിതം

Friday 01 October 2021 12:00 AM IST

ആലപ്പുഴ: കയർ ഫെഡിൽ വിരമിച്ച ഒരാളെ പോലും പുനർനിയമിച്ചിട്ടില്ലെന്ന് കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ. സായികുമാർ അറിയിച്ചു. കയർഫെഡിലെ നിയമനങ്ങൾ 1995ൽ പി.എസ്.സിക്ക് വിട്ടു. 2017 നവംബറിൽ പ്രാബല്യത്തിൽ വന്ന കയർഫെഡ് റിക്രൂട്ട്‌മെന്റ് റൂൾസ് അനുസരിച്ച് നിലവിലുള്ള 57 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു.

പി.എസ്.സി നിയമനത്തിന് കാലതാമസമുള്ളതിനാൽ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്മെന്റ് എന്ന സർക്കാർ ഏജൻസിയിലൂടെ കയർഫെഡിൽ അത്യാവശ്യം വേണ്ട മാനേജീരിയൽ കേഡറിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നടപടികൾ പൂർത്തിയായി. ഭരണസ്തംഭനം ഒഴിവാക്കാനും ഉത്പന്ന നിർമ്മാണം തടസപ്പെടാതിരിക്കാനും പേഴ്സണൽ മാനേജർ, ഡെപ്യൂട്ടി ഫിനാൻസ് മാനേജർ, പ്രൊഡക്ഷൻ സൂപ്പർവൈസർ ഒഴിവുകളിലേക്ക് പി.എഫ്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ഇല്ലാതെ ദിവസവേതനാടിസ്ഥാനത്തിലാണ് വിരമിച്ച ജീവനക്കാരെ മൂന്ന് മാസത്തേയ്ക്ക് നിയമിക്കുന്നത്.

ഇവരുടെ കാലാവധിക്ക് മുമ്പ് തസ്തികകളിലേക്ക് പി.എസ്.സിയോ സി.എം.ഡിയോ നിയമനം പൂർത്തിയാക്കുകയാണെങ്കിൽ ഇവരെ ഒഴിവാക്കും. കയർഫെഡിൽ ഇന്റേണൽ ഓഡിറ്റർ തസ്തികയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിയെയും ഇങ്ങനെയാണ് നിയമിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഭാര്യയാണെന്നതുകൊണ്ട് ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. പി.എസ്.സിക്ക് വിട്ട ഒഴിവുകളിൽ ഫിനാൻസ് മാനേജരുടെയും സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികകളിലേക്കും ലഭിച്ചിട്ടുള്ള പി.എസ്.സി അഡ്വൈസ് പ്രകാരം നിയമനങ്ങൾ നടന്നുവരികയാണ്. ഈ തസ്തികകളിലേക്ക് ആരെയും കയർഫെഡ് നേരിട്ട് നിയമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

""

യു.ഡി.എഫ് ഭരണകാലത്ത് 70,000 ക്വിന്റലായിരുന്ന കയർ ഉത്പാദനം ഇപ്പോൾ 2,50,000 ക്വിന്റലായി വർദ്ധിച്ചു. വിറ്റുവരവ് 30 കോടിയിൽ നിന്ന് 200 കോടിയായി. സത്യവിരുദ്ധമായ പ്രചാരണം കയർഫെഡിനെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ്. ഇതിനെ അവജ്ഞയോടെ തള്ളിക്കളയുന്നു.

അഡ്വ. എൻ. സായികുമാർ

കയർഫെഡ് പ്രസിഡന്റ്