പ്രതീക്ഷയുടെ ട്രാക്കിൽ വള്ളംകളി

Friday 01 October 2021 12:00 AM IST

ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ മുടങ്ങിയ നെഹ്റുട്രോഫി ജലമേള ഈ വർഷം നടത്തുന്നത് പരിഗണനയിലാണെന്ന ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം ജലോത്സവ പ്രേമികൾക്ക് ആവേശമാകുന്നു. കഴിഞ്ഞ രണ്ടുതവണ കൊവിഡും മുൻ വർഷങ്ങളിൽ പ്രളയവും വില്ലനായിരുന്നു.

കാണികളുടെ എണ്ണം ക്രമീകരിച്ച് കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് മത്സരം നടത്താനാണ് ആലോചന. പ്രഖ്യാപനം പൊടുന്നനെ വന്നാൽ ടീമിനെ സജ്ജമാക്കുക വെല്ലുവിളിയാണെങ്കിലും എങ്ങനെയും ജലോത്സവം പുനരാരംഭിക്കണമെന്ന ആഗ്രഹമാണ് ടീമുകളും ആരാധകരും പങ്കുവയ്ക്കുന്നത്.

നെഹ്റുട്രോഫി മടങ്ങിയെത്തിയാൽ ടൂറിസം സാദ്ധ്യതകൾക്ക് മുതൽക്കൂട്ടാവുന്ന ചാമ്പ്യൻസ് ലീഗും പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. മത്സരം നടക്കുന്നില്ലെങ്കിലും വള്ളങ്ങളുടെ പരിപാലനത്തിന് ലക്ഷങ്ങളാണ് ക്ലബുകളുടെ പോക്കറ്റിൽ നിന്നിറങ്ങുന്നത്. 2019ലാണ് അവസാനമായി മത്സരം നടന്നത്. കുട്ടനാട്ടുകാരും പുറം നാട്ടുകാരുമായി ആയിരക്കണക്കിന് തുഴച്ചിൽകാർക്ക് മികച്ച വരുമാനമാണ് ലഭിക്കുക.

പാക്കേജ് വേണം

തുഴച്ചിൽ ടീമുകൾക്ക് പുനരുജ്ജീവനം നൽകുന്നതിനായി സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ടീമുകൾ ആവശ്യപ്പെടുന്നു. വിവിധ സ്ഥലങ്ങളിലായി ചിതറക്കിടക്കുന്ന തുഴച്ചിലുകാരെ കൂട്ടിയോജിപ്പിച്ച് ടീം രൂപീകരിക്കണം. മികച്ച ടീമുകൾക്ക് പോലും ചുരുങ്ങിയത് മൂന്നാഴ്ച ക്യാമ്പ് പരിശീലനം ആവശ്യമാണ്. എല്ലാ ടീം അംഗങ്ങൾക്കും ഡബിൾ വാക്സിനേഷൻ ഉറപ്പാക്കണം. വ്യായാമവും ചിട്ടയായ ഭക്ഷണരീതിയും പിന്തുടർന്നാണ് പരിശീലനം. നാട്ടുകാർ തുഴച്ചിൽകാരായ ക്ലബുകളും നേവി, പട്ടാളക്കാർ, അന്യസംസ്ഥാനക്കാർ തുടങ്ങിയവരെ ഇറക്കുന്ന ക്ലബുകളുമുണ്ട്.

ആഗസ്റ്റിനോട് വിടപറയണമെന്ന് ആവശ്യം
വെള്ളപ്പൊക്ക കെടുതി രൂക്ഷമാകുന്ന ആഗസ്റ്റിൽ നിന്ന് നെഹ്റുട്രോഫി ജലമേളയുടെ സ്ഥിരം തിയതി നവംബർ 14ലേക്ക് മാറ്റണമെന്ന ആവശ്യം നെഹ്റുട്രോഫി സംഘാടക സമിതിയിൽ ആദ്യം അവതരിപ്പിച്ചത് യു.ബി.സി ക്ലബിന്റെ രക്ഷാധികാരിയായ കെ.എ. പ്രമോദാണ്. നെഹ്റുവിന്റെ ജന്മദിനത്തിലേക്ക് മത്സരം മാറ്റിയാൽ ആദരവിന് കുറവ് തട്ടില്ലെന്നും കാലാവസ്ഥ അനുയോജ്യമായിരിക്കുമെന്നാണ് കരുതുന്നത്.

പരിശീലന ചെലവ്: 01 കോടി

ഒരു ക്ലബിൽ: 130 പേർ

മത്സരത്തിനിറങ്ങുന്നത്: 110

പകരക്കാർ: 20

തുഴച്ചിൽ കൂലി: 2,000 രൂപ (പ്രതിദിനം)

ഭക്ഷണം, താമസം: 40,000 രൂപ

""

ജലോത്സവം രക്തത്തിൽ അലിഞ്ഞ വികാരമാണ്. മത്സരം തിരിച്ചുവരുമ്പോൾ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് പങ്കെടുക്കാൻ ടീമുകളെത്തും. അതിന് കൈത്താങ്ങായി സർക്കാർ പാക്കേജ് പ്രഖ്യാപിക്കണം .

കെ.എ. പ്രമോദ്, രക്ഷാധികാരി,

യു.ബി.സി ക്ലബ്

Advertisement
Advertisement