കെ.എ.പി അഞ്ചാം ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡ്: പൊലീസ് കാലാനുസൃതമായി പരിഷ്‌കരിക്കും: മുഖ്യമന്ത്രി

Thursday 30 September 2021 10:55 PM IST
മാങ്ങാട്ടു പറമ്പിൽ നടന്ന കെ.എ.പി നാലാം ബാറ്റാലിയൻ പാസിങ്ങ് ഔട്ട് പരേഡിൽ നിന്ന്‌

തളിപ്പറമ്പ്:പൊലീസ് പരിശീലനത്തിന്റെ സിലബസ് കാലാനുസൃതമായി പരിഷ്‌കരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ പുതിയ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിന് പതിവ് ജോലിക്ക് പുറമെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെയും അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. അതിനാലാണ് പരിശീലന രീതിയിലും മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

2362 പേരാണ് വിജയകരമായി പരിശീലനം പൂർത്തിയാക്കിയത്. കൊവിഡ് മഹാമാരിക്കിടയിൽ ഇത്രയും പേർക്ക് പരിശീലനം നൽകിയത് പൊലീസ് ചരിത്രത്തിന്റെ ഭാഗമാകും. കൊവിഡ് ഒന്നാം ഘട്ടം കാരണം ഡിസംബർ രണ്ടിനാണ് പരിശീലനം ആരംഭിച്ചത്. നിരവധി പ്രത്യേകതകളുള്ള ബാച്ചാണ് ഇത്തവണത്തേത്. പരിശീലന ഘട്ടത്തിൽ തന്നെ പൊലീസ് സേനയുടെ ഭാഗമാകാൻ ഇവർക്ക് സാധിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മാതൃ പൊലീസ് സ്റ്റേഷന്റെ ഭാഗമായി ജോലി ചെയ്യാനായി. നിയമസഭ തെരഞ്ഞെടുപ്പിന് ഇവരെ ഡ്യൂട്ടിക്കായി നിയോഗിച്ചത് പൊലീസിന്റെ പ്രവർത്തനങ്ങൾ അടുത്തറിയാൻ സഹായകമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഓൺലൈനായി അഭിവാദ്യം സ്വീകരിച്ചു.എ.ഡി.ജി.പി കെ. പത്മകുമാർ, ഡി .ഐ .ജി പി പ്രകാശൻ, ട്രയിനിംഗ് ആൻഡ് ഡയറക്ടർ ഐ.ജി പി .പി. വിജയൻ, കെ .എ .പി നാലാം ബറ്റാലിയൻ കമാൻഡന്റും ജില്ലാ പൊലീസ് മേധാവിയുമായ (റൂറൽ) നവനീത് ശർമ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. ഡെപ്യൂട്ടി കമാൻഡന്റ് പി പി ശ്യാംസുന്ദർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അഞ്ചാം ബറ്റാലിയനിലേക്ക് 230​ പേർ കൂടി

മാങ്ങാട്ടുപറമ്പ് കെ .എ .പി അഞ്ചാം ബറ്റാലിയനിൽ നിന്ന് 230 പോലീസുകാരാണ് പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡിൽ അണിനിരന്നത്. രാവിലെ 8.25 ഓടെ കെ.എ.പി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ പാസിംഗ് ഔട്ട് പരേഡ് ആരംഭിച്ചു. പരിശീലനം പൂർത്തിയാക്കിയിറങ്ങുന്ന പൊലീസുകാരിൽ മൂന്ന് എം. ടെക്ക്, നാല് എം .ബി. എ, 30 ബിരുദാനന്തര ബിരുദം, ഒരു എം. എസ് ഡബ്ള്യുവും ബി. എഡും, 28 ബിടെക്, 115 ബിരുദധാരികൾ, 35 പ്ലസ് ടു, 11 ഡിപ്ലോമ/ഐ .ടി .ഐ, മറ്റു വിദ്യാഭ്യാസ യോഗ്യതയുള്ളവർ രണ്ട് എന്നിങ്ങനെയാണുള്ളത്.

Advertisement
Advertisement