രാജ്യത്തിന്റെ ശാസ്ത്ര വാഗ്ദാനമാണ് ; ഡോ.നിഖിലിനെ കാക്കാൻ നാടിന്റെ കനിവ് വേണം

Thursday 30 September 2021 10:58 PM IST

കൂത്തുപറമ്പ്: 2020 മുതൽ ഇന്ത്യയിലെ മികച്ച സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകനായി പ്രവർത്തിക്കുകയായിരുന്ന പാട്യം സ്വദേശി ഡോ: നിഖിൽ(31)​ ഗുരുതരമായ വൃക്കരോഗം ബാധിച്ച് നാടിന്റെ കനിവിനായി കാത്തുനിൽക്കുന്നു. വൃക്കമാറ്റിവെക്കാൻ ഡോക്ട‌ർമാർ നിർദ്ദേശിച്ചെങ്കിലും ഭാരിച്ച ചിലവ് എങ്ങനെ കണ്ടെത്തുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ശാസ്ത്രലോകത്തിന് വലിയ സംഭാവനകൾ നൽകാൻ പ്രാപ്തിയുണ്ടെന്ന് തെളിയിച്ച ഈ യുവ ശാസ്ത്ര ഗവേഷകൻ.

നിഖിലിന്റെ മാതാപിതാക്കൾ ബീഡി തൊഴിലാളികളാണ്. ഇപ്പോൾ തന്നെ വൻതുക ചികിത്സക്കായി ചിലവഴിച്ചിട്ടുള്ള കുടുംബത്തിന് വൃക്ക മാറ്റിവെക്കാനാവശ്യമായ 70 ലക്ഷം രൂപ കണ്ടെത്താൻ യാതൊരു സാഹചര്യവും നിലവിലില്ല.

വൃക്ക രോഗത്തിന് കീഴ്പ്പെട്ട അവസ്ഥയിലും മൂന്ന് ഇന്ത്യൻ പേറ്റന്റ് , പതിനഞ്ചോളം ഇന്റർനാഷണൽ പ്രബന്ധങ്ങൾ , സ്വന്തമായി രണ്ടു പുതിയ മോളിക്യൂൾ ഡെപോസിഷൻ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട് ‌ഡോ.നിഖിൽ. വൃക്ക, ലിവർ എന്നിവയെ ബാധിക്കുന്ന അസുഖങ്ങൾ, അൽഷിമേഴ്‌സ് എന്നിവയിൽ മരുന്ന് ഡെലിവറി വൈഹിക്കിൾ, മരുന്ന് ഡിസൈൻ എന്നിവയിൽ നടത്തിയ ഗവേഷണത്തിലാണിത്. ജപ്പാനിലെ മികച്ച സ്ഥാപനമായ റിക്കൻ ഇൻസ്റ്റിട്യൂട്ടുമായി ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിച്ച് മരുന്ന് ഡെലിവറി സിസ്റ്റം ഡിസൈൻ ചെയ്യുന്ന പ്രൊജക്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ഏക ഗവേഷകൻ കൂടിയാണ് ഈ യുവാവ്. പോളിഷ് അക്കാഡമി ഓഫ് സയൻസിന്റെ കീഴിൽ പുതിയ മരുന്ന് കണ്ടു പിടിത്തവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് പോകാൻ തയ്യാറെടുക്കുന്നതിനിടയിൽ അസുഖം മൂർച്ഛിക്കുകയായിരുന്നു.

മുൻ എം.എൽ.എ പി.ജയരാജൻ, മുൻ എം.പി. പാട്യം രാജൻ, പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി.ഷിജിന, എൻ.രമേശ് ബാബു എന്നിവരുടെ നേതൃത്വത്തിൽ നിഖിലിന്റെ ചികിത്സയ്ക്കായി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഗൂഗിൾ പേയിൽ 9207050609 നമ്പറായി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

Advertisement
Advertisement