ചുമട്ടുതൊഴിലാളി സ്വന്തമാകുമ്പോൾ

Friday 01 October 2021 12:00 AM IST

നിർമ്മാണ സാധനങ്ങളുടെയും മറ്റും കയറ്റിറക്ക് അതുമായി ബന്ധപ്പെടുന്നവർക്ക് സ്ഥിരം തലവേദനയാണ്. ചുമട്ടുതൊഴിലാളികൾ അവകാശത്തിനപ്പുറം പേശീബലത്തിന്റെ ഭാഷയിൽ ഇടപെടുകയും വിലപേശുകയും ചെയ്യുന്നതാണ് പ്രശ്നം. എത്ര വിവാദമുണ്ടായാലും നോക്കുകൂലി വീണ്ടും പ്രത്യക്ഷപ്പെടാറുണ്ട്. ഐ.എസ്.ആർ.ഒയ്ക്ക് വേണ്ടി കൊണ്ടുവന്ന കൂറ്റൻ ഉപകരണം ഇറക്കാൻ നോക്കുകൂലി ആവശ്യപ്പെട്ടത് യൂണിയൻകാരല്ലെന്ന് വിശദീകരണം വന്നെങ്കിലും അതുണ്ടാക്കിയ മോശം പേര് മാറും മുൻപേ പോത്തൻകോട്ട് കരാറുകാരനെ നോക്കുകൂലിയുടെ പേരിൽ ചുമട്ടുതൊഴിലാളികൾ മർദ്ദിക്കുകയുണ്ടായി. നോക്കുകൂലി പിരിക്കുന്നതിന്റെ ഒരംശം മുകളിലെ തലം വരെ എത്തുമെന്നാണ് കേൾക്കുന്നത്. അതിനാൽ വിവാദമുണ്ടാകുമ്പോൾ കണ്ണിൽ പൊടിയിടാൻ ചില നടപടികൾ എടുക്കുമെന്നല്ലാതെ ശാശ്വതമായി തടയാൻ ഒരു യൂണിയൻ നേതാവും ശ്രമിക്കാറില്ല. അഥവാ ശ്രമിച്ചാൽ അതനുസരിക്കാൻ ഭൂരിപക്ഷവും തയാറാവുകയുമില്ല. ഇക്കാര്യത്തിൽ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. ഇത്തരം പ്രവണതകൾ സമൂഹത്തിന്റെ വികസനത്തിനേല്പിക്കുന്ന ക്ഷതം എത്രമാത്രം വലുതാണെന്ന് ഇവർ അറിയുന്നുമില്ല. വഴിവിട്ട ഏതു പ്രവണതയും പ്രവൃത്തിയും ഒരു പരിധി കഴിയുമ്പോൾ നിലയ്‌ക്കും. അതിനൊരു കാരണം ഉണ്ടായി വരും. വീട്ടുസാമഗ്രികൾ വീട്ടുകാർക്ക് സ്വന്തം നിലയിൽ ഇറക്കാമെന്ന നിയമമുണ്ട്. എന്നാൽ ഇത് പലയിടത്തും നടക്കാറില്ല. അഥവാ അതിനാരെങ്കിലും മുതിർന്നാൽ കേസും വഴക്കും ആകുകയും ചെയ്യും. ഇതൊക്കെ ഓർത്ത് സംഘടനാബലമില്ലാത്ത സാധാരണ പൗരൻ വഴങ്ങുകയാണ് ചെയ്യുന്നത്. സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾക്ക് സ്വന്തം ചുമട്ടുതൊഴിലാളികളെ നിയോഗിക്കാമെന്ന ഹൈക്കോടതി വിധി ഈ രംഗത്ത് വലിയൊരു അഴിച്ചുപണിക്ക് ഇട നൽകുന്നതാണ്. ഹെഡ്‌ലോഡ് വർക്കേഴ്സ് നിയമപ്രകാരം രജിസ്ട്രേഷൻ നേടാൻ തൊഴിലാളിക്ക് മുൻപരിചയം നിർബന്ധമല്ലെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഇനിമുതൽ തൊഴിലാളിക്ക് കയറ്റിറക്ക് ജോലി ചെയ്യാനുള്ള സന്നദ്ധതയും തൊഴിലുടമയുടെ അനുമതിയും ഉണ്ടെങ്കിൽ ലേബർവകുപ്പിന് രജിസ്ട്രേഷൻ നിഷേധിക്കാനാവില്ല.

രജിസ്ട്രേഷൻ അപേക്ഷ തള്ളിയതിനെതിരെ കൊല്ലം കെ.ഇ.കെ കാഷ്യു സ്ഥാപന ഉടമയും മൂന്ന് തൊഴിലാളികളും നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിറക്കിയത്. കേരളത്തിൽ സ്ഥിരമായി സാധനങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടിവരുന്ന ഒരുപിടി സ്ഥാപനങ്ങളെങ്കിലും സ്വന്തം ചുമട്ടുതൊഴിലാളികളെ വയ്ക്കാനായി മുന്നോട്ടുവരാതിരിക്കില്ല. നിയമപ്രകാരം അത് അനുവദനീയമായതിനാൽ അവരെ കുറ്റം പറയാനാകില്ല. മാത്രമല്ല കയറ്റിറക്കുമായി ബന്ധപ്പെട്ട സ്ഥിരം തലവേദന മാറിക്കിട്ടുകയും ചെയ്യും. എന്നാൽ പലയിടങ്ങളിലും നിലവിലുള്ള ട്രേഡ് യൂണിയൻ സംഘടനയിൽപ്പെട്ട തൊഴിലാളികളിൽ നിന്ന് എതിർപ്പും ഭീഷണിയും ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അതിനാൽ ഇതൊരു ക്രമസമാധാന പ്രശ്നമായി മാറാതിരിക്കാൻ ആഭ്യന്തരവകുപ്പ് പ്രത്യേകം ശ്രദ്ധിക്കണം. ഭരണഘടനാപരമായ അവകാശങ്ങളും നീതിയും സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട സർക്കാർ അലംഭാവം കാട്ടാൻ പാടില്ല.

Advertisement
Advertisement