നഗരത്തിലെ കർഷകരുടെ പച്ചക്കറി വിപണി

Friday 01 October 2021 3:23 AM IST

തിരുവനന്തപുരം: വിഷരഹിത പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കാനുള്ള വിത്തുകളും അറിവുകളും കൈമാറി നല്ല കൃഷിക്കാരെ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'കൃഷിഭൂമി ' എന്ന ഫേസ്ബുക്ക് കൂട്ടായ്‌മയുടെ ജൈവപച്ചക്കറി വിപണി എ.കെ.ജി സെന്ററിന് എതിർവശത്തുള്ള ഓർത്ത്ഡോക്‌സ് സ്റ്റുഡന്റസ് സെന്റർ കോമ്പൗണ്ടിൽ ആരംഭിച്ചു. 2017 ഒക്ടോബറിൽ പട്ടം കേന്ദ്രീകരിച്ച് ആദ്യം ആരംഭിക്കുകയും കൊവിഡ് വ്യാപനത്തെ തുടർന്ന് പിന്നീട് മുടങ്ങിപ്പോകുകയും ചെയ്ത ജൈവ പച്ചക്കറി വിപണി വീണ്ടും ആരംഭിക്കുന്നതിനുവേണ്ട സ്ഥലവും അനുബന്ധസൗകര്യങ്ങളും സ്റ്റുഡന്റ്സ് സെന്റർ ഡയറക്ടർ ഫാ. സജി മേക്കാട്ടാണ് ഒരുക്കി നൽകിയത്.

'കൃഷിഭൂമി ' കൂട്ടായ്മയിലൂടെ നഗരവാസികളെ വീട്ടുമുറ്റത്തും മട്ടുപ്പാവിലും കൃഷി ചെയ്യാൻ പരിശീലിപ്പിച്ചിരുന്നു. ഇതോടെ പല നഗരവാസികളും അസൽ കർഷകരായി. പല കർഷകർക്കും തങ്ങളുടെ ആവശ്യത്തിൽ കവിഞ്ഞുള്ള പച്ചക്കറികൾ ലഭിച്ചുതുടങ്ങിയ സാഹചര്യത്തിലാണ് ജൈവ പച്ചക്കറി വിപണി എന്ന ആശയം ഉയർന്നുവന്നത്. അഡ്വ.കെ.പി. കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിൽ എട്ടു പേർ അടങ്ങുന്ന ഒരു അഡ്മിൻ പാനൽ വിപണിയുടെ ചിട്ടയായ പ്രവർത്തനം ഉറപ്പാക്കി. ഇതാണ് ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുന്നത്.