ഇന്ത്യ - ചൈന 13ാം വട്ട ചർച്ച അടുത്തയാഴ്ച ലഡാക്കിൽ; ചൈന സൈനികരെ വിന്യസിക്കുന്നുണ്ടെന്ന് കരസേന മേധാവി

Monday 04 October 2021 2:50 AM IST

ലഡാക്ക്: ലഡാക്ക് അതിർത്തിയിലുടനീളം ചൈന സൈനികരെ വിന്യസിക്കുന്നുണ്ടെന്ന് കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ. ലഡാക്കിലെ സംഘർഷത്തെക്കുറിച്ചും സേനാപിന്മാറ്റത്തെക്കുറിച്ചും അടുത്തയാഴ്ച ചൈനയുമായി 13-ാം വട്ട ചർച്ചകൾ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അടുത്തയാഴ്ച ചർച്ച ആരംഭിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

ചൈന കിഴക്കൻ ലഡാക്കിലും സമീപ പ്രദേശങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ചൈനയുടെ സൈനിക വിന്യാസത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്, ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ് - അദ്ദേഹം പറഞ്ഞു.

അതേസമയം,​ ചൈനീസ് സൈന്യം കഴിഞ്ഞ ആറുമാസമായി കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. അതിർത്തിയിലെ സ്ഥിതി സാധാരണഗതിയിലാണ്.

എന്നാൽ,​ അവരുടെ എല്ലാ നീക്കങ്ങളും ഞങ്ങൾ നിരീക്ഷിക്കുകയാണ്. സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും സംഭാഷണത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.