തിയേറ്ററുകൾ തുറക്കാനും ആശങ്ക

Monday 04 October 2021 12:31 AM IST

കോട്ടയം : ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകൾ തുറക്കാൻ സർക്കാർ പ്രഖ്യാപിച്ചതോടെ ആശയക്കുഴപ്പത്തിൽ ഉടമകൾ. തിയേറ്ററുകൾ തുറക്കുന്നതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. ഈ മാസം 25 ന് തിയേറ്ററുകൾ തുറക്കാമെന്നാണ് നിർദ്ദേശം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മൂന്നു മാസം മാത്രമാണ് ഇതുവരെ തിയേറ്ററുകൾ തുറന്നു പ്രവർത്തിച്ചിരുന്നത്. ഇതിനിടെ റിലീസ് ചെയ്‌ത പല സിനിമകളും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലാണ് പുറത്തിറങ്ങിയത്. പ്രതിസന്ധികളുണ്ടെങ്കിലും സിനിമാ പ്രേക്ഷകർ തിയേറ്ററിലേയ്‌ക്ക് എത്തുമെന്നാണ് ജീവനക്കാരുടെയും ഉടമകളുടെയും പ്രതീക്ഷ. തിയേറ്ററിലെത്തുന്നവർ രണ്ടു ഡോക്‌സ് വാക്‌സിനെടുക്കണമെന്ന നിർദേശം കുട്ടികളുമായി എത്തുന്നവരെ പിന്നോട്ടടിക്കും. കുട്ടികളും, കുടുംബങ്ങളുമില്ലാതെ തിയേറ്ററുകൾ സജീവമാകില്ലെന്ന് ജീവനക്കാരും പറയുന്നു.

ജീവനക്കാർ ഉടനെത്തണം

15 ദിവസത്തെയെങ്കിലും ജോലികൾ തിയേറ്ററിലുണ്ടെന്നാണ് ജീവനക്കാരും ഉടമകളും പറയുന്നത്. ആദ്യം അണുനശീകരണം നടത്തണം. ഇതിനായി ജീവനക്കാരോട് എത്തിച്ചേരാൻ ഉടമകൾ നിർദ്ദേശം നൽകി.

തിയേറ്ററുകൾ തുറക്കാനുള്ള തീരുമാനം വരുമാനം ഇല്ലാതെ കഷ്ടപ്പെടുന്ന നിരവധി കുടുംബങ്ങൾക്ക് പ്രതീക്ഷയാണ്.

സജീവൻ, വൈക്കം

തിയേറ്റർ ജീവനക്കാരൻ

Advertisement
Advertisement