വാതിൽ തുറന്ന് കോളേജുകൾ

Monday 04 October 2021 12:05 AM IST

ആലപ്പുഴ: കൊവിഡ് വ്യാപനത്തിന് ആശ്വാസം വന്നതോടെ സർക്കാർ നിർദേശാനുസരണം ജില്ലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ സജീവമാകും. സാമൂഹിക അകലം പാലിച്ചാകും ക്ളാസുകൾ. പോളിടെക്‌നിക്, എൻജിനിയറിംഗ് - മെഡിക്കൽ കോളേജുകൾ, ആർട്‌സ് ആൻഡ് സയൻസ് - ഐ.എച്ച്.ആർ.ഡി - സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലെ അവസാനവർഷ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞദിവസമാണ് സർക്കാർ തീരുമാനിച്ചത്.

2019 ഡിസംബറിൽ കൊവിഡ് വ്യാപനത്തെ തുടർന്നാണ് സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും അടച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് കോളേജുകൾ തുറക്കുന്നത്. 18 മുതൽ അവസാന രണ്ട് സെമസ്റ്ററുകളിലെ വിദ്യാർത്ഥികൾക്കും കോളേജിലെത്താം. ഒന്നും രണ്ടും വർഷ ബിരുദ ക്ളാസുകൾ ഓൺലൈനായി ആരംഭിച്ചു.

അറുപതോളം വിദ്യാർത്ഥികളുള്ള ബാച്ചുകളെ രണ്ടാക്കി ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്തുന്നത് ബുദ്ധിമുട്ടാകുമെന്നതിനാൽ അവസാന വർഷ ബിരുദ ക്ളാസുകൾ ഓരോ ബാച്ചും കൊവിഡ് മാനദണ്ഡം പാലിച്ച് ക്രമീകരിച്ചാണ് നടത്തുക. വിദ്യാർത്ഥികളുടെ എണ്ണം കുറവായതിനാൽ പി.ജി ക്ളാസുകൾക്ക് ബാദ്ധിമുട്ടാണ്ടാകില്ല.

പ്രവേശനം

ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കുമാണ് കോളേജുകളിൽ എത്താനാവുക. കൊവിഡ് ബാധിച്ചവർക്ക് മൂന്ന് മാസത്തിനുള്ളിൽ വാക്സിൻ സ്വീകരിച്ചാൽ മതി. 99ശതമനം വിദ്യാർത്ഥികളും ജീവനക്കാരും വാക്സിനെടുത്തുകഴിഞ്ഞു.

ക്രമീകരണങ്ങൾ

1. സാമൂഹിക അകലം പാലിച്ച് സീറ്റുകൾ

2. കോളേജുകൾ അണുവിമുക്തമാക്കി

3. മാസ്കും സാനിറ്റൈസറും നിർബന്ധം

4. വിദ്യാർത്ഥികൾ കൂട്ടം കൂടുന്നത് തടയാൻ പൊലീസ് പട്രോളിംഗ്

5. കോളേജ് സമയത്തിന് മുമ്പും ശേഷവും കെ.എസ്.ആർ.ടി.സിയുടെ കടുതൽ സർവീസുകൾ

6. ഹോസ്റ്റൽ താമസത്തിന് കർശന നിയന്ത്രണം

"

പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ ജാഗ്രതാസമിതിക്ക് രൂപം നൽകി. ക്ളാസുകൾ അഞ്ച് മണിക്കൂറിൽ കവിയില്ല. ബാച്ചുകളിൽ കുട്ടികളുടെ എണ്ണം സംബന്ധിച്ച് കോളേജ് അധികാരികൾക്ക് തീരുമാനിച്ച് ഓൺലൈനായും ഓഫ് ലൈനായും ക്ളാസുകൾ നടത്താം.

എച്ച്. ബാബുജാൻ, സിൻഡിക്കേറ്റ് അംഗം,

കേരളാ യൂണിവേഴ്സിറ്റി

"

വിദ്യാർത്ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാൻ ജില്ലയിൽ കെ.എസ്.ആർ.ടി.സി എല്ലാ ഡിപ്പോകളിലും നിലവിലുള്ള ഓർഡിനറി ഉൾപ്പെടെയുള്ള മുഴുവൻ സർവീസുകളും നടത്തും.

അശോക് കുമാർ,

ഡി.ടി.ഒ, ആലപ്പുഴ

"

നിർബന്ധമായും ഒരു ഡോസ് വാക്സിനെടുത്തിരിക്കണം. വാക്സിൻ സ്വീകരിക്കാത്ത വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക പരിഗണന. എല്ലാ കോളേജുകളിലും ആരോഗ്യ വകുപ്പിന്റെ ബോർഡുകൾ നൽകി.

ഡി.എം.ഒ, ആലപ്പുഴ

Advertisement
Advertisement