കേരളത്തിന് ഇന്ത്യാടുഡേ ഹെൽത്ത്ഗിരി അവാർഡ്

Monday 04 October 2021 1:07 AM IST

@ അവാർഡ് മികച്ച വാക്‌സിനേഷൻ ഡ്രൈവിന്

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും മികച്ച കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിനുള്ള ഇന്ത്യാ ടുഡേയുടെ ഹെൽത്ത് ഗിരി അവാർഡ് കേരളത്തിന് ലഭിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ടവ്യയിൽ നിന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന് വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ പുരസ്‌കാരം ഏറ്റുവാങ്ങി.കേരളം നടത്തിയ മികച്ച വാക്‌സിനേഷനുള്ള അംഗീകാരമാണിതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് 92.66 ശതമാനം പേർ (2,47,47,633) ഒന്നാം ഡോസ് വാക്‌സിനെടുത്തു. 41.63 ശതമാനം പേർ (1,11,19,633) രണ്ടു ഡോസ് വാക്‌സിനും എടുത്തിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 97 ശതമാനം പേരും ഒരു ഡോസ് വാക്‌സിൻ എടുത്തവരാണ്. ആകെ 3,58,67,266 ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. ഇനി 19 ലക്ഷത്തോളം പേരാണ് ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്.