റോൾസ്-റോയ്‌സും ഇ-പാതയിലേക്ക്

Monday 04 October 2021 3:14 AM IST

കൊച്ചി: വാഹന ലോകത്ത് ആഡംബരത്തിന്റെ അവസാന വാക്കായ റോൾസ്-റോയ്‌സും ഇലക്‌ട്രിക് പാതയിലേക്ക് പൂർണമായും ചുവടുമാറ്റുന്നു. 2030ഓടെ കമ്പനിയുടെ എല്ലാ മോഡലുകളും പെട്രോളിൽ നിന്നുമാറി ഇലക്‌ട്രിക് ആകും.

റോൾസ്-റോയ്‌സിന്റെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് മോഡൽ 'സ്‌പെക്‌ടർ" 2023ൽ വിപണിയിലെത്തും. മറ്റൊരു ബ്രിട്ടീഷ് ആഡംബര വാഹന നിർമ്മാതാക്കളായ ബെന്റ്‌ലി, ടാറ്റാ ഗ്രൂപ്പിന് കീഴിലെ ബ്രിട്ടീഷ് ബ്രാൻഡായ ജാഗ്വാറിന്റെ ലാൻഡ്-റോവർ എന്നിവയും ഇ-പാതയിലേക്ക് കടന്നിട്ടുണ്ട്.

1904 മേയ് നാലിനാണ് ചാൾസ് റോൾസ്, ഹെൻറി റോയ്സ് എന്നിവർ ചേർന്ന് റോൾസ്-റോയ്‌സ് ബ്രാൻഡിന് തുടക്കമിട്ടത്. അതിനുശേഷം ഇതിനകം റോൾസ്-റോയ്‌സ് എടുക്കുന്ന ഏറ്റവും സുപ്രധാനമായ തീരുമാനമാണ് പൂർണമായും ഇലക്‌ട്രിക് ആകുകയെന്നതെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ടോർസ്‌റ്റെൻ മുള്ളർ-ഒട്‌വോസ് പറഞ്ഞു.

റോൾസ്-റോയ്‌സിന്റെ മാതൃബ്രാൻഡായ ബി.എം.ഡബ്ല്യു 2030ഓടെ 50 ശതമാനം മോഡലുകൾ ഇ-പാത സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റൊരു ഉപ ബ്രാൻഡായ മിനി ഈ ദശാബ്‌ദത്തോടെ പൂർണമായും ഇലക്‌ട്രിക്കിലേക്ക് മാറും.