ഉപദ്രവിക്കരുത് , ജീവിതമാണ്
ഓൺലൈൻ അപ്പോയിന്റ്മെന്റ് ലിസ്റ്റ് നോക്കിയപ്പോൾ ഒരപാകത! ജിക്കുമോൻ ഇരുപത്തിയെട്ട് ! ഞാൻ ശിശുപാലകനാണെന്നറിയാതെ സംഭവിച്ചതായിരിക്കാം! വിളിച്ചുപറഞ്ഞപ്പോൾ ജിക്കുവിന്റെ മറുപടി . പതിനെട്ടുവയസ് വരെ ഞാൻ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു. എനിക്ക് ഡോക്ടറുടെ കൺസൾട്ടേഷൻ മതി ! എന്താ മോനേ കാര്യം? ഞാനൊരു വല്ലാത്ത മാനസികാവസ്ഥയിലാണ് ഡോക്ടർ. ശരി. ഞാൻ നല്ലൊരു സൈക്കോളജിസ്റ്റിന്റെ നമ്പർ തരാം...... വേണ്ട ഡോക്ടർ. എനിക്ക് ഡോക്ടറെ കണ്ടാൽ മതി ! ഡോക്ടർ എന്നെ സഹായിക്കണം. ഞാനൊന്നു പരുങ്ങി! അറിയാത്ത പണിക്കുപോണോ? അന്തരംഗം മന്ത്രിച്ചു. കുഞ്ഞുന്നാളിലെ എന്നെക്കണ്ടു വളർന്ന പയ്യൻ ഇങ്ങനെ അഭ്യർത്ഥിക്കുമ്പോൾ.....പത്രഭാഷയിൽ, ഞാൻ പ്രതിരോധത്തിലായി! 'കമോൺ ജിക്കു ........ബോലിയേ!" ഡോക്ടർ....എന്നെ ഒരു പെണ്ണ് തേച്ചിട്ടുപോയി! ന്യൂജെൻ നിഘണ്ടു ഫോണിൽ എപ്പോഴും സൂക്ഷിക്കുന്നതുകൊണ്ട് സംഗതി പിടികിട്ടി. പ്രീ മാരിറ്റൽ ഡിവോഴ്സ് ! ഞാനവളെ വെറുതെ വിടത്തില്ല ഡോക്ടർ... എനിക്ക് പ്രതികാരം ചെയ്യണം... ഞാനൊന്നു ഞെട്ടി ! പുലിവാലായല്ലോ... ഇവനെന്തെങ്കിലും കന്നന്തിരവ് കാട്ടിയാൽ... പൊലീസേമാന്മാർ ഫോൺ പരിശോധിച്ചാൽ... ഓൺലൈൻ ചാറ്റ് അവരുടെ കണ്ണിൽപ്പെട്ടാൽ... ഉറപ്പാണ് പ്രേരണക്കുറ്റം ! മികച്ച രണ്ടാം പ്രതി ! വീഡിയോയിൽ നേർക്കുനേർ കാണുന്നതുകൊണ്ട് സംഭ്രമമൊതുക്കി ഞാൻ. 'ജിക്കുമോനേ.... നമുക്ക് പരിഹാരം കാണാം. ഗീവ് മീ സം ടൈം!" 'അതിനാണല്ലോ ഡോക്ടറെ വിളിച്ചത്!" ജിക്കു പഴയ മോനല്ല! അവന്റെ മുഖം ചുവന്നു. രണ്ടും കല്പിച്ചാണ്. 'ഒന്നുകിൽ അവൾ! അല്ലെങ്കിൽ ഞാൻ!" പിന്നെ അമാന്തിച്ചില്ല. ഞാനൊരു ഫുൾടൈം സൈക്കോളജിസ്റ്റിന്റെ ഭാവവാഹാദികൾ എടുത്തണിഞ്ഞു. 'എന്തിനാണ് ജിക്കുക്കുട്ടാ നീ ഇത്ര വികാരാധീനനാകുന്നത്? അവളുടെ എന്ത് നടപടിയാണ് നിന്നെ ഇത്ര പ്രകോപിപ്പിച്ചത്?" ജിക്കുട്ടൻ പ്രതികാരാഗ്നി ജ്വലിപ്പിക്കുന്ന കണ്ണുകളോടെ പറഞ്ഞു. 'ഡോക്ടറിനറിയാമോ എന്നറിയില്ല. പാട്ടുപാടുന്നതിന് ഇപ്പോൾ ഒരാപ്പുണ്ട് ഫോണിൽ! സ്മ്യൂൾ! ആ പെണ്ണും അവളുടെ കാമുകനും ചേർന്ന് യുഗ്മഗാനങ്ങൾ പാടി നിരന്തരം പോസ്റ്റിട്ടുകൊണ്ടിരിക്കയാണ് ഡോക്ടർ... എനിക്കും അയച്ചു കൊണ്ടിരിക്കുകയാണ്." യെസ് ! കുട്ടന്റെ പ്രശ്നമിതാണ്! മനസിലായി. തേച്ചതും പോര, ഒട്ടിക്കുകയും ചെയ്യുന്നു ! ആ യുഗ്മഗാനങ്ങൾ ഏതൊക്കെയാണെന്ന് ഒന്നോർത്തെടുക്കാമോ മോനേ ? ഞാൻ ഫോമിലായി. 'കോലക്കുഴൽ വിളി കേട്ടോ രാധേ എൻ രാധേ.... " അപ്പോൾ അവൾ. 'കണ്ണനെന്ന വിളിച്ചോ രാവിൽ ഈ രാവിൽ... " യെസ്. നോട്ടഡ് .... അനദർ വൺ പ്ലീസ് ... 'പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും... കാടായ കാടുകൾ മുഴുവൻ ഞാനൊരു കതിർമണ്ഡപമാക്കും." പെട്ടെന്ന് ഒരു ഐഡിയ തലയിൽ ഫ്ളാഷ് ചെയ്തു. 'മോനെ, ജിക്കുമോനേ... പ്രേമം എന്നു പറയുന്നത് ഒരു സമ്പൂർണ ട്രാജഡിയാണെന്നറിയാമല്ലോ ഇല്ലേ ?" ഇല്ലെന്നവൻ തലയാട്ടി. മജ്ജയിൽ പിടിച്ചു പ്രേമിച്ചവരൊക്കെ, ജീവിതകാലം മുഴുവൻ പ്രേമകഥകൾ എഴുതിത്തള്ളുന്നവരൊക്കെ പറഞ്ഞിട്ടുണ്ട് പ്രേമം ഒരു അഭിനിവേശം മാത്രമാണെന്ന് . ജസ്റ്റ് ആൻ ഇൻഫക്ചുവേഷൻ! തന്തുനാനേന ! അതു വിജയിച്ച് ഒരുമിച്ചാൽ തുന്തുനാനേന ! ജിക്കുമോന്റെ മുഖത്ത് നിരാശയ്ക്കു പകരം ആവേശമായി! പ്രേമിച്ചു കല്യാണം കഴിച്ചാലും കഴിച്ചില്ലെങ്കിലും ദുഃഖമാണു ജിക്കൂണ്ണീ ഫലം! ജിക്കുമോൻ സംശയത്തോടെ നോക്കി! അതെ മോനെ. പ്രേമത്തിന്റെ ആയുസ് വളരെ കുറവായിരിക്കും. യഥാർത്ഥ ജീവിതത്തിന്റെ മഴയിൽ മണ്ണാങ്കട്ട പോലെ അത് അലിഞ്ഞുപോകും. മോന്റെ മുഖത്ത് ചെറിയ പുഞ്ചിരി പ്രത്യക്ഷമായി ! എനിക്കാണെങ്കിൽ വർദ്ധിച്ച ആത്മവിശ്വാസവും ! കല്ല്യാണം കഴിഞ്ഞാൽ പിന്നെ 'കോലക്കുഴൽ വിളി കേട്ടോ രാധേ, രാധേ" എന്നവൻ പാടുമെന്ന് നീ കരുതുന്നോ? ഇല്ല. പെട്ടെന്നായിരുന്നു കുട്ടന്റെ ഉത്തരം. പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും... എന്ന് പാടുമോ? ഇല്ലേയില്ല... അവൻ അവളെ രാക്ഷസിയെന്നായിരിക്കും വിളിക്കുക.... ജിക്കുമോൻ പൊട്ടിച്ചിരിച്ചു. ഇത്രയേയുള്ളൂ കാര്യം. അങ്ങനെ എന്റെ കന്നി കൗൺസലിംഗിലൂടെ ഒരു ആത്മഹത്യയോ നാരീഹത്യയോ ഒരു ലഹരി പുകയോ ഒഴിവായിക്കിട്ടി ! പ്രേമിച്ചു നടക്കുന്നവരും പ്രേമിച്ചു കല്ല്യാണം കഴിച്ചവരും ദയവായി തത്കാലം പൊറുക്കണം. ഇതു നിങ്ങളെ ഉദ്ദേശിച്ചല്ല ! കുമ്പിടി പറഞ്ഞതുപോലെ, ഉപദ്രവിക്കരുത്, ജീവിതമാണ് !