ഇപ്പോഴുള്ളത് മാതൃക മാത്രം ഒറിജിനിൽ സൈക്കിൾ ട്രാക്ക് പിന്നാലെ...
വിശദീകരണവുമായി സ്മാർട്ട് സിറ്റി അധികൃതർ
തിരുവനന്തപുരം: നഗരത്തിൽ നിർമ്മിക്കുന്ന സ്മാർട്ട് റോഡിനൊപ്പം സൈക്കിൾ ട്രാക്കും സജ്ജീകരിക്കുമെന്നും നിലവിൽ പെയിന്റ് കൊണ്ട് വെള്ളയമ്പലം, കവടിയാർ, മ്യൂസിയം, പട്ടം എന്നിവിടങ്ങളിലെ റോഡിന് സമീപം വരച്ചിരിക്കുന്ന ട്രാക്ക് വെറും മാതൃകയാണെന്നും സ്മാർട്ട് സിറ്റി അധികൃതർ അറിയിച്ചു. നിലവിലെ സൈക്കിൾ ട്രാക്കിന്റെ അശാസ്ത്രീയതയെപ്പറ്റി വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭയും സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന സൈക്ളിംഗ് പരിപാടിക്കായാണ് നിലവിലെ ട്രാക്ക് നിർമ്മിച്ചത്. ഇതിനെതിരെയാണ് സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുന്നത്.
പുതിയ ട്രാക്ക് ഒരു കിലോമീറ്റർ
ആദ്യ ഘട്ടത്തിൽ സി.വി. രാമൻ റോഡ് മുതൽ തൈക്കാട് വരെ ഒരു കിലോമീറ്റർ ദൂരത്തിലാണ് പുതിയ ട്രാക്ക് നിർമ്മിക്കുന്നത്. തുടർന്ന് റോഡുകളുടെ ഘടനയനുസരിച്ച് വീണ്ടും ട്രാക്കുകൾ നിർമ്മിക്കാനാണ് തീരുമാനം. ട്രാക്കുകൾ നിർമ്മിക്കുന്നതിനായി വീതികൂട്ടിയാണ് സ്മാർട്ട് റോഡുകൾ ഒരുങ്ങുന്നത്. നടപ്പാതയോട് ചേർന്ന് തന്നെയാണ് സൈക്കിൾ ട്രാക്കും നിർമ്മിക്കുക. ഇവ റോഡിൽ നിന്ന് ഉയർന്നായിരിക്കും നിൽക്കുന്നത്. അതു കൊണ്ട് തന്നെ വാഹനങ്ങൾക്ക് ഈ സ്ഥലങ്ങളിലേക്ക് കയറാൻ സാധിക്കില്ല. കൃത്യമായ അടയാളപ്പെടുത്തലുകളും സൈക്കിൾ ട്രാക്കിന്റെ ബോർഡും ഇവിടെ സ്ഥാപിക്കും. റോഡ് മുറിഞ്ഞ് പോകുന്ന സ്ഥലങ്ങളിലുള്ള ആശയക്കുഴപ്പം അധികൃതരുമായി ചർച്ച ചെയ്ത് ക്രമീകരിക്കാനാണ് തീരുമാനം.
ആദ്യഘട്ടം 2022ൽ
2022 ഓടെ ആദ്യഘട്ട സ്മാർട്ട് റോഡുകളുടെ പണി തീരുന്നതോടെ ആദ്യഘട്ട സൈക്കിൾ ട്രാക്കിന്റെ നിർമ്മാണവും പൂർത്തിയാകും. നഗരത്തിൽ നിർമ്മിക്കേണ്ട സൈക്കിൾ ട്രാക്കിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും അധികൃതർ ശേഖരിക്കുന്നുണ്ട്. ട്രാക്ക് വേണമെന്ന ആവശ്യം കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലത്തുതന്നെ ഉയർന്നിരുന്നു. അതിലാണ് സ്മാർട്ട് റോഡുകൾക്കൊപ്പം സൈക്കിൾ ട്രാക്ക് കൂടി നിർമ്മിക്കാൻ തീരുമാനിച്ചത്.