ട്വിറ്റർ അക്കൗണ്ട് പുന:സ്ഥാപിക്കണം : ട്രംപ് കോടതിയിൽ

Monday 04 October 2021 3:59 AM IST

വാഷിംഗ്ടൺ: ട്വിറ്റർ തനിക്കേർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോടതിയിൽ. തന്റെ അക്കൗണ്ട് പുന:സ്ഥാപിക്കാൻ ട്വിറ്ററിനോട് നിർദേശിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. തനിക്കെതിരായ നടപടി നിയമവിരുദ്ധമാണെന്നും തന്റെ രാഷ്ട്രീയ നിലപാടുകളെ നിശബ്ദമാക്കാനുള്ള ഗൂഢാലോചനയാണ് വിലക്കിന് പിന്നിലെന്നാണ് ട്രംപിന്റെ വാദം. ട്വിറ്ററിന് പുറമെ ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയ്‌ക്കെതിരെയും അവരുടെ ചീഫ് എക്സിക്യൂട്ടീവുകൾക്കെതിരെയും ട്രംപ് കേസ് കൊടുത്തിരുന്നു. തന്റെ അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കാൻ യു.എസ് കോൺഗ്രസ് അംഗങ്ങൾ ട്വിറ്ററിനെ നിർബന്ധിച്ചുവെന്നും ട്രംപ് ആരോപിച്ചു. യു.എസ് ഭീകരസംഘടനയായി കരുതുന്ന താലിബാന് പോലും ട്വിറ്റർ അക്കൗണ്ട ഇപ്പോഴും അനുവദിച്ചിട്ടുണ്ട്. ട്രംപിന് അക്കൗണ്ട് നിഷേധിക്കുകയും താലിബാൻ നേതാക്കൾക്ക് പോലും ട്വിറ്റർ അക്കൗണ്ടുള്ളപ്പോൾ ട്രംപിന് അനുവദിക്കാത്തത് അനീതിയാണെന്ന് ഹർജിയിൽ പറയുന്നു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.എസ് കാപ്പിറ്റോൾ ബിൽഡിങ്ങിൽ ട്രംപ് അനുകൂലികൾ നടത്തിയ അതിക്രമങ്ങൾ പ്രോത്സാഹിക്കുന്ന രീതിയിൽ ട്രംപ് ട്വീറ്റ് ചെയ്തുവെന്ന കാരണത്താലാണ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്.

Advertisement
Advertisement