കാമ്പസ് സൗഹൃദങ്ങൾക്ക് മേൽ ചോര പടരുന്ന കെട്ട കാലം...

Tuesday 05 October 2021 12:35 AM IST

പ്രണയം നിരസിച്ചതിന് സഹപാഠിയെ കഴുത്ത് അറുത്ത് കൊല്ലുക, കുടുംബപ്രശ്നത്തിന്റെ പേരിൽ എൺപത്തിരണ്ടുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടുക. സമ്പൂർണ സാക്ഷരതയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തെന്ന് അഭിമാനിക്കുന്ന കോട്ടയത്താണ് അടുത്തടുത്ത ദിവസങ്ങളിൽ അരങ്ങേറിയ ഈ ക്രൂരതകൾ. ഇത് കേരളത്തിന്റെ മാത്രം ദുര്യോഗമല്ല. ചതിയും വഞ്ചനയും നിറഞ്ഞ ചോര പടരുന്ന വാർത്തകൾ ദൃശ്യ അച്ചടി മാദ്ധ്യമങ്ങളിൽ ദിവസവും നിറയുമ്പോൾ ഇവർക്കൊക്കെ എന്തു പറ്റിയെന്ന് ചോദിക്കാനേ ചുറ്റുവട്ടത്തിന് കഴിയുന്നുള്ളൂ. കുറ്റവാളികളെ ശിക്ഷിക്കാൻ ജാമ്യമുള്ളതും ഇല്ലാത്തതുമായ നിയമത്തിന് രാജ്യത്ത് ഒരു കുറവുമില്ല, പോക്സോ കോടതി മുതൽ സുപ്രീംകോടതി വരെയുണ്ട്. കൂടാതെ വനിതാ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ,യുവജന കമ്മിഷൻ തുടങ്ങിയവയും. ബോധവത്ക്കരണ ക്ലാസുകൾ, സ്വകാര്യവും അല്ലാത്തതുമായ കൗൺസിലിംഗ് സെന്ററുകൾ കേരളത്തിൽ പുതുതായി ആരംഭിക്കുമ്പോഴും ഇതു കൊണ്ടൊന്നും ഞങ്ങൾ നന്നാകാൻ പോകില്ലെന്ന് തെളിയിച്ച് ക്രൂരതകൾ ഓരോ ദിവസവും കൂടുകയാണ്.

ഒരു പീഡ എറുമ്പിനും വരുത്തരുതെന്നായിരുന്നു ശ്രീനാരായണ ഗുരുദേവൻ അടക്കം ആചാര്യന്മാർ നമ്മോട് പറഞ്ഞത്. അതൊന്നും ഉൾകൊള്ളാൻ തയ്യാറാകാതെ മനുഷ്യൻ മനുഷ്യരെ എങ്ങനെ പീഡിപ്പിക്കാമെന്നതിൽ ഗവേഷണം നടത്തുന്ന ആസുര കാലത്താണ് നാം ജീവിക്കുന്നതെന്ന് ഓർമ്മപ്പെടുത്തുകയാണ് ഓരോ ക്രൂര കൃത്യങ്ങളും. കോടതി ഇടപെടലിൽ കാമ്പസുകൾ രാഷ്ട്രീയ മുക്തമായതോടെ മതഭ്രാന്ത് കാമ്പസുകൾ കൈയടക്കി. തട്ടവും കാവിയുമെല്ലാം വേർതിരിവിന്റെ അടയാളങ്ങളായി സർഗാത്മകത കാമ്പസിന്റെ പടിക്ക് അപ്പുറമായി. മൊബൈൽ ഫോണുകളിലെ ചിത്രങ്ങളും കൂടുതൽ ലൈക്കുകളായി കാമ്പസ് ജീവിതം മാറി. താനിഷ്ടപ്പെടുന്ന പെണ്ണിന്റെ മൊബൈൽ ഫോണിൽ മറ്റൊരാളുടെ ചിത്രം കണ്ടതായിരുന്നു പാലായിലെ അരും കൊലയ്ക്ക് തുടക്കം. എനിക്ക് നിന്നെ വേണ്ടെന്ന് പറഞ്ഞാൽ 'നിന്നെ മറ്റാരും സ്വന്തമാക്കേണ്ടെന്ന ' വൈരാഗ്യബുദ്ധിയോടെ സംഹരിക്കുന്നതിന് കഴുത്തിൽ കത്തി കുത്തിയിറക്കാൻ ഒരു മടിയില്ലാത്തവരായി കാമ്പസ് സൗഹൃദങ്ങൾ മാറി. തനിക്കും ഒരു കുടുംബമുണ്ട് ജീവിതമുണ്ട് അത് തട്ടി തെറിപ്പിച്ചാൽ കൊലമരമാണ് തന്നെ കാത്തിരിക്കുന്നതെന്ന ചിന്തയില്ലാതെ കൂസലില്ലാത്ത കൊലയാളികളായി യുവാക്കൾ മാറുന്നു.

സൗഹൃദം നടിച്ചെത്തുന്നവരുടെ മനസിലിരുപ്പ് ആദ്യമെ മനസിലാക്കി നല്ല സൗഹൃദങ്ങൾ തിരിച്ചറിഞ്ഞ് അല്ലാത്തവരോട് നോ പറയാനുള്ള തന്റേടം പെൺകുട്ടികൾ ആദ്യമേ സ്വായത്തമാക്കണം. അറിവിലും വലുത് തിരിച്ചറിവാണ്. ആദ്യം വേണ്ടതും അതാണെന്നാണ് ചുറ്റുവട്ടത്തിന് ഓർമിപ്പിക്കാനുള്ളത്.

Advertisement
Advertisement