സർക്കാർ രൂപീകരണത്തിന് താലിബാനുള്ള കഴിവിൽ സംശയം പ്രകടിപ്പിച്ച് ചൈന

Tuesday 05 October 2021 2:20 AM IST

ബീജിംഗ്: എല്ലാവരെയും ഉൾപ്പെടുത്തി കൊണ്ടുള്ള സർക്കാർ രൂപീകരണത്തിന് ഭീകരസംഘടനയായ താലിബാനുള്ള കഴിവിൽ സംശയം പ്രകടിപ്പിച്ച് ചൈന. ഷാങ്ഹായി രാജ്യാന്തര പഠന കേന്ദ്രത്തിന്റെ ഭാഗമായി ചൈന – ദക്ഷിണേഷ്യ സഹകരണം സംബന്ധിച്ച ഗവേഷണ കേന്ദ്രത്തിന്റെ സെക്രട്ടറി ജനറൽ ല്യു സോങ്‌യി ചൈനീസ് സർക്കാർ അനുകൂല പ്രസിദ്ധീകരണമായ ഗ്ലോബൽ ടൈംസിനു നൽകിയ ലേഖനത്തിലാണ് ഈ വിലയിരുത്തൽ.

സർക്കാർ രൂപീകരണത്തിൽ താലിബാന് കാലങ്ങളായി പിന്തുണ നൽകുന്ന ചൈനയുടെയും പാകിസ്ഥാന്റെ സഹകരണം തേടുന്നത് ഉചിതമാകും. അന്താരാഷ്ട്ര അംഗീകാരം നേടുന്നതിൽ താലിബാന്റെ ഇടക്കാല സർക്കാ‌ർ പരാജയപ്പെട്ടു. സർക്കാർ രൂപീകരണത്തിലും ആഭ്യന്തര വിദേശ നയം രൂപീകരിക്കുന്നതിലും താലിബാന് ചൈനയുടെയും പാകിസ്ഥാന്റെയും സഹകരണം ആവശ്യമാണ്.

അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആർജ്ജിക്കാനാകുമെന്ന് കരുതുന്നുണ്ടെങ്കിലും ശത്രുശക്തികളുടെ വിദ്വേഷം, ഉപരോധം തുടങ്ങിയവ ഭാവിയിൽ നേരിടേണ്ടതായി വരാം.

പ്രാദേശിക സുരക്ഷയും സ്ഥിരതയും മുൻനിറുത്തി പാകിസ്ഥാനും ചൈനയും താലിബാനൊപ്പം സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ലേഖനം എടുത്തു പറയുന്നു.

താലിബാന്റെ വാക്കുകൾ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമാണെങ്കിലും ഭാവിയിൽ അവർ എന്തെല്ലാം പ്രത്യേക നയങ്ങൾ നടപ്പിലാക്കുമെന്നതിൽ വ്യക്തതയില്ല.

താലിബാൻ സർക്കാർ കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. അഫ്ഗാന് ഉള്ളിൽ തന്നെ ഐക്യം നിലനിറുത്തുകയെന്നതും എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരണവുമാണ് ഇതിൽ പ്രധാനം.

വർദ്ധിച്ച് വരുന്ന ഭക്ഷ്യക്ഷാമം അഭയാർത്ഥി പ്രവാഹത്തിനും മറ്റും ഇടവരുത്തിയേക്കാം.
അഫ്ഗാനിലെ ഭരണം താലിബാൻ പിടിച്ചെടുത്തത് ചൈനയുടെയും പാകിസ്ഥാന്റെയും കൂടി വിജയമാണെന്നും ലേഖനത്തിൽ വിലയിരുത്തുന്നു. താലിബാന്റെ മുന്നേറ്റം ഇന്ത്യയുടെയും യു.എസിന്റെയും അന്താരാഷ്ട്ര ശക്തികളുടെയും തന്ത്രപരമായ പരാജയമാണെന്നും ലേഖനത്തിലുണ്ട്.

Advertisement
Advertisement