വിവാദ കാർട്ടൂണിസ്റ്റ് ലാർസ് വിൽക്‌സ്  കാറപകടത്തിൽ മരിച്ചു

Tuesday 05 October 2021 2:47 AM IST

സ്‌റ്റോക്ക്‌ഹോം: പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ വരച്ച് വിവാദത്തിലായ സ്വീഡിഷ് കാർട്ടൂണിസ്റ്റ് ലാർസ് വിൽക്‌സ് (75) റോഡപകടത്തിൽ മരിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.

വിൽക്‌സിന്റെ സംരക്ഷണചുമതലയുണ്ടായിരുന്ന രണ്ട് പൊലീസുകാരും അപകടത്തില്‍ മരിച്ചു. ഇവർ സഞ്ചരിച്ച കാർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

2007ലായിരുന്നു വിൽക്സ് വിവാദ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. പ്രവാചകന്റെ ശിരസ്സ് നായ്‌യുടെ ശരീരത്തോട് ചേർത്തായിരുന്നു കാർട്ടൂൺ വരച്ചത്. കാർട്ടൂണിനെതിരെ ആഗോളതലത്തിൽ വ്യാപക പ്രതിഷേധമുയർന്നു. വിൽക്സിന് നേരെ നിരവധി വധഭീഷണികളും 2015ൽ വധശ്രമവുമുണ്ടായി.

വിൽക്‌സിനെ വധിക്കുന്നവർക്ക് അൽ ഖ്വ ഇദ ഒരു ലക്ഷം ഡോളർ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം വിൽക്സിന് സ്വീഡിഷ് സർക്കാർ പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

കാർട്ടൂൺ മൂലമുണ്ടായ വിവാദം സ്വീഡന്റെ നയതന്ത്ര ബന്ധങ്ങളെ ബാധിച്ചതിനെത്തുടർന്ന് അന്നത്തെ സ്വീഡിഷ് പ്രധാനമന്ത്രി ഫ്രെഡറിക് റേൻഫെൽഡ്ട് 22 മുസ്‌ലിം രാഷ്ട്രങ്ങളുടെ അംബാസഡർമാരുമായി ചർച്ച നടത്തിയിരുന്നു.

Advertisement
Advertisement