മരണ സർട്ടിഫിക്കറ്റിൽ കൊവിഡ് പരാമർശം ഇല്ലെങ്കിലും ആനുകൂല്യം, അടിസ്ഥാനമാക്കേണ്ടത് പരിശോധനാ ഫലവും ചികിത്സാ രേഖയും

Tuesday 05 October 2021 12:59 AM IST

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് അമ്പതിനായിരം രൂപ നൽകാമെന്ന കേന്ദ്രസർക്കാർ തീരുമാനം അംഗീകരിച്ച സുപ്രീം കോടതി, മരണ സർട്ടിഫിക്കറ്റിൽ കൊവിഡ് രേഖപ്പെടുത്തിയിട്ടില്ല എന്ന കാരണത്താൽ ആനുകൂല്യം നിഷേധിക്കരുതെന്ന് ഉത്തരവിട്ടു.

ആർ.ടി.പി.സി.ആർ പരിശോധനാ ഫലം ഉൾപ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിൽ മരണ സർട്ടിഫിക്കറ്റിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് നിർദേശിച്ചു.

മരണ സർട്ടിഫിക്കറ്റിലെ അപാകത നീക്കാൻ പരാതി പരിഹാര സമിതിയെ സമീപിക്കണം. സമിതി മെഡിക്കൽ രേഖകൾ പരിശോധിച്ച് 30 ദിവസത്തിനുള്ളിൽ തീർപ്പ് കൽപ്പിക്കണം. ആശുപത്രികളിൽ നിന്ന് രേഖകൾ ആവശ്യപ്പെടാൻ സമിതിക്ക് അധികാരം ഉണ്ടായിരിക്കും.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മറ്റു പദ്ധതികളിൽ ഉൾപ്പെടുത്തി നൽകുന്ന സഹായങ്ങൾക്കു പുറമേയാണ് 50,000 രൂപ നൽകേണ്ടതെന്ന് ജസ്റ്റിസുമാരായ എം.ആർ. ഷാ, എ.എസ്. ബൊപ്പണ്ണ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

ധനസഹായം ലഭ്യമാക്കുന്നതിനുള്ള ജില്ലാതല സമിതികളെക്കുറിച്ചും പരാതി പരിഹാര സമിതിയെക്കുറിച്ചുമുള്ള വിശദാംശങ്ങൾ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.

ആനുകൂല്യം കിട്ടാൻ

മരണം സംഭവിക്കുന്നതിന് തൊട്ടുമുൻപുള്ള മുപ്പത് ദിവസത്തിനുള്ളിൽ ക്ളിനിക്കിലോ, മറ്റു പരിചരണ കേന്ദ്രങ്ങളിൽ വച്ചോ ആർ.ടി.പി.സി.ആർ ടെസ്റ്റിലൂടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ ധനസഹായത്തിന് അർഹതയുണ്ടാകും. മരണം വീട്ടിൽവച്ചായാലും ആനുകൂല്യം കിട്ടും.

കൊവിഡ് മരണമെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞാൽ അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിൽ ധനസഹായം ലഭ്യമാക്കണം.

Advertisement
Advertisement